Site iconSite icon Janayugom Online

ഫോസിലുകൾ

നീയൊരു മൺവെട്ടിയുമായി
എന്റെ കുഴിമാടത്തിലേക്ക് വരിക
ഒരാൾ പൊക്കത്തിൽ വളർന്ന
മൈലാഞ്ചിച്ചെടികൾ വെട്ടിമാറ്റി
അവിടെ കുഴിയെടുത്താൽ കാണാം
എല്ലാഞരമ്പുകളിലും
നിന്നെക്കുറിച്ചുള്ള ചിന്തകൾ
നിറഞ്ഞിരുന്നൊരു ഉടൽ അഴിച്ചുവെച്ച
കുറച്ച് എല്ലിൻകഷ്ണങ്ങൾ
തലയോട്ടി നിറയെ
പ്രണയത്തിന്റെ അനശ്വരതയെ
കുറിച്ചുള്ള വെന്ത ചിന്തകളാണ്
കൺകുഴിയുടെ ആഴങ്ങളിൽ
ഒരു കുന്നിൻചെരിവും
അവിടെ ആട്ടിടയന്റെ
പുല്ലാംകുഴൽപാട്ട് കേൾക്കുന്ന
ഒരാട്ടിൻകുട്ടിയെയും കാണാം
ചുണ്ടിന്റെ സ്ഥാനത്ത്
പ്രപഞ്ചത്തിൽ ആദ്യം വിരിഞ്ഞ
പൂവിന്റെ വിസ്മയംപോലെ
ഒരു ചുവന്ന ചുംബനം
ഭൂമിയെതൊടാൻ
വിരലുകൾ നീട്ടുന്ന മഴയെപ്പോലെ
നിന്നെ തൊടാൻ കൊതിക്കുന്ന
എന്റെ വിരലുകൾ
സൂര്യൻ പുതിയ പുലരിയുമായി
ഭൂമിയുടെ വാതിൽ മുട്ടുമ്പോഴൊക്കെ
നിന്നിലേക്കുള്ള അകലങ്ങളുടെ
അടുപ്പമളന്ന എന്റെ കാലുകൾ
ഇനി വാക്കുകൾ കിട്ടാതെ
വിരൽത്തുമ്പിൽ നിന്നും
ഊർന്നുപോയൊരു കവിതപോലെ
ആത്മാവ് നഷ്ടപ്പെട്ടൊരു ഹൃദയം കാണാം
അവിടെ വെള്ളിത്തിളക്കമുള്ളൊരു
കത്തി തറഞ്ഞുകിടക്കുന്നത്
നീ കാണുന്നില്ലേ
ദയവുചെയ്ത് അത് വലിച്ചൂരരുത്
എനിക്ക് വയ്യ ഇനിയും മരിക്കാൻ

Exit mobile version