വാലന്റൈൻ,
നീയാ തണുത്ത ജയിലറയിലിരുന്ന്
വീണ്ടും സന്ദേശം കുറിക്കുകയാണോ?
നീ നട്ട അനുരാഗവല്ലികകൾ
ശവംനാറിപൂ പോലെ
മരിച്ചവരെ അടക്കിയ കോട്ടയ്ക്കരികിൽ
വളർന്നു പന്തലിക്കുന്നു
സുന്ദരമായവയെല്ലാം
ഇന്ന് പുഴുക്കുത്തേറ്റിരിക്കുന്നു
സോളമന്റെ പ്രണയഗീതം
നിരാശാഗീതികൾ മാത്രംമൂളുന്നു,
നിന്റെ ഹൃദയരക്തം വീണ കടലാസിൽ
കറുത്ത രൂപങ്ങൾ മാത്രം തെളിയുന്നു
ചെവി മുറിച്ച വാൻഗോഗ് വീണ്ടും
തെരുവിൽ പ്രത്യക്ഷപ്പെടുന്നു
പ്രണയത്തിന് നിയെന്നാണിനി
ഒരു സിനഗോഗ് ഒരുക്കുന്നത്?
കത്തിത്തീർന്ന മെഴുകുവിളക്കുകളിൽ
നീ വിശ്രമിക്കുന്നു
പ്രേമത്തിന്റെ കുരിശിൽ
നിന്നെ ബന്ധനസ്ഥനാക്കിയിരിക്കുന്നു
പാപത്തിന് ശമ്പളം
പ്രണയികളുടെ രക്തമത്രേ
വാലന്റൈൻ,
ഒരിക്കലുംഉയിർത്തെഴുനേൽപ്പില്ലാത്ത
നീയിന്ന്
ചുവരിലെ വെറും ഛായാചിത്രം
പ്രണയപൂർവം
