Site icon Janayugom Online

പ്രതിമ

ഇമപൂട്ടിയുറങ്ങിയുണർന്നു നീയുഗങ്ങളിൽ
ശിലകളിൽ തീർത്തു നിൻ മേനിയെങ്കിലും
കാണാതെ പോകുമീ നാടിൻ ജീർണ്ണത
ഉൾക്കാമ്പിലിന്നും പ്രതികരിക്കേണ്ട
ഉയിരില്ല ആശയം ബലിക്കല്ലുകാട്ടും
പകുതിപോയോരുകണ്ഠത്തിൻ തേങ്ങലും
നാട്ടിലെല്ലാം പറയുന്നു നിൻകഥ
ഏടിലെല്ലാമെഴുതുന്നു നിൻകീർത്തി
മജ്ജയും മാംസവും വെന്തെരിഞ്ഞതും
കൊച്ചുമോഹങ്ങൾ പൊട്ടിത്തകർന്നതും
നീതിതൻ വഴിയിലെ മുള്ളുകൾക്കുള്ളിലും
കാണാ സുഖങ്ങൾ തെരഞ്ഞുനടന്നതും
ശ്രവണസുഖമേകും വാചാമൊഴികളിൽ
വരമൊഴികളിൽ തൂലികയൊട്ടുചലിച്ചതും
ഏഴാങ്കടലിനുമപ്പുറത്തും കൂട്ടിനായ് വന്നു
നിനക്കു ചങ്ങലത്തടവറ
കതിരിടും വാക്കിൻമുനയിലെ ഗർജ്ജനം
ബ്രഹ്മാസ്ത്രമായി പാറിപാറി നടന്നതും
ചീന്തിതകർത്തു ചിലതിൻ ചിലമ്പൊലി
ചീറിപ്പിണയുമധികാരിവർഗ്ഗവും
സത്യമേവംമൊഴിഞ്ഞുമർത്ഥം ഗ്രഹിച്ചും
ശംഖിൻനാദം പ്രതിധ്വനിക്കൊണ്ടതും
ഗ്രാമത്തിലുംമങ്ങും പൗരബോധത്തിലും
അഗ്നിജ്വാലയായി പടർന്നതും ജീവനിൽ
തറവാടുതന്നോരിരുട്ടിൽ നിശ്ചലം
കാണാതെ മിണ്ടാതെ കേൾക്കാതെ പ്രതിമയായി
അഴിയാക്കുരിക്കിൽ കുരുങ്ങിക്കുരുങ്ങി

Exit mobile version