Site iconSite icon Janayugom Online

മമ്മതും രഘുവും

മമ്മതും രഘുവും
ഒരേ ക്ലാസെ ഒറ്റബെഞ്ചിന്റെ
സന്തതികൾ
മമ്മതിന്റെ മീൻകൂട്ടാനും
രഘുവിന്റെ പുളിശേരിയും
ഉച്ചക്കഞ്ഞിയുടെ
വിരിഞ്ഞ പാത്രത്തിൽ
ഒന്നിച്ചു കിടന്നു
ഭരണഘടനയിലെ
മതേതരത്വത്തെ വാഴ്ത്തും
ബട്ടൺ പൊട്ടി ചുളിഞ്ഞ
യൂണിഫോം ഷർട്ടിന്റെ
കീശയിൽ നിന്നും
മീൻചുട്ട അടുപ്പിലെ
കനലിൽ വെന്ത പുളിങ്കുരു
ആഭിജാത്യമില്ലാതെ
പരസ്പരം ഉമിനീര് കൈമാറും
പെരുന്നാളും ഉത്സവവും
ഒന്നിച്ചുകൂടി
തോളിൽ കൈയിട്ടു നടക്കുമ്പോൾ
മതങ്ങൾ സമത്വസുന്ദര
രാഷ്ട്രത്തിന്റെ പ്രകടന പത്രിക പുറത്തിറക്കും
മമ്മതിന്റെ പള്ളിയിലെ
ബാങ്ക് വിളി കേൾക്കുമ്പോൾ
രഘുവിന്റെയമ്മ ഉമ്മറത്തു
തിരിവയ്ക്കാൻ ഓർക്കും
നിസ്കാരവും നാമജപവും
രണ്ടായി ചെയ്യുമ്പോഴും
ഒന്നിലേക്കാണൊഴുക്കെന്ന ബാലപാഠം
ഉമ്മയും അമ്മയും
ഒന്നെന്നെ സ്നേഹത്തിലൂടെ
തിരിച്ചറിയും
ഒരു മതിലിനിപ്പുറം
ചക്കയുടെ മുറിയും
മാങ്ങയുടെ പൂളും
പട്ടിണിയുടെ തായ് വേരറുത്തു
സോഷ്യലിസ്റ്റുകളാകും
കാലം പോകെ
മമ്മതും രഘുവും
തമ്മിൽ മിണ്ടാതെയാകും
പെരുന്നാളും ഉത്സവവും
തമ്മിലടികൂടി പിരിയും
ഉമ്മയും അമ്മയും
മാതൃസ്നേഹത്തിന്റെ
ഏറ്റക്കുറച്ചിലുകൾ പുലമ്പി
രണ്ടു ശത്രു രാജ്യങ്ങളാകും
മതം വിതറുന്ന കറുപ്പിൽ മയങ്ങി
ബഹുസ്വരത വറ്റിയ
പൊടിമണ്ണിനടിയിൽ
മമ്മതും രഘുവും വീണ്ടും
മതനിരപേക്ഷരാകും

Exit mobile version