രാമാ! ഞാനശുദ്ധയല്ലെന്നഗ്നി ദേവ സാക്ഷ്യം
പ്രാമാണ്യമല്ലായ്കിലോ പാകൃതം തവപേക്ഷ!
ഞാനിതാ പോകുന്നമ്മ, ഉർവ്വിതന്നുത്സംഗത്തിൽ
ജാനകിയായിട്ടല്ല; രാമ പരിത്യക്തയായ്
രാജസൂയത്തിലന്ത്യ യാത്ര ചോദിപ്പല്ലി, തു-
രാജസ നിഷിദ്ധമാം രാജ്ഞിതന്നന്തർദ്ധാനം!
വിട ചൊൽകയുമല്ല, വേപഥു വിലയമായ്
നെടുനാൾ നെറുകയിൽ നിറഞ്ഞ നിവേദനം:
ചാരിത്രം സംവാദമാം സഭയിൽ ഹതാശ ഞാൻ
നാരീജന്മാത്താലാർക്കും വ്യാജപമാനം വരാം
രാക്ഷസ നൃപനെന്നിൽ രാഗത്തിനടുക്കാതെ
സാക്ഷാലെൻ പാതിവ്രത്യം ദിവ്യശക്തിയായന്നും;
ശിംശപച്ചോട്ടിന്നാരാൽ വാരയും പോകാത്തെന്നിൽ
സംശയമരുതൊട്ടും ആര്യരാമയോദ്ധ്യരിൽ.
വായുപുത്രനന്നാദ്യം നേരിൽ ഗോചരമായെൻ
കായത്തിൽ കളങ്കിതം കലരാത്തവസ്ഥയും
തല്പശുദ്ധിയിൽ വികല്പത്തിനാൽ പത്നീത്യാജ്യം
കല്പിച്ചതനാർദ്രത ധർമ്മിഷ്ഠനാമങ്ങയിൽ?
നീതിജ്ഞൻ സീതാരാമനെന്നല്ലോ പ്രജാമതം-
പാതമായ്
പലവിധ നീതികേടുണ്ടോതുവാൻ
ബാലിനിഗ്രഹം ന്യായം, കിഷ്കിന്ദാ ദേശത്ത, തു-
പോലാകാ; തപം ചെയ്ത ശംബുകാ വധം കാട്ടിൽ!
ആരണപ്പൈതൽ മൃതിയായതാ തപസ്സാലെ-
ന്നാരോപം കേട്ടു ശൂദ്ര യോഗിയെ ഹനിച്ചില്ലേ ?
ധർമ്മമോക്ഷാർത്ഥമവ, നങ്ങയാൽ ഹതനാവാൻ
ബ്രഹ്മർഷിമാർ സ്വാർത്ഥരായ് ചൊന്നകഥ കല്പിതം,
ആർഷഭാരത ഋഷിയഗ്രരിൽ ബഹുവർണർ
ഭൂഷണമവർക്കുള്ളിൽ ബോധവും സാധുത്വവും
ശൂദ്രനാമവധൂതൻ ധ്യാനിച്ചെന്നപഭ്രംശം
മാതമേ ചെയ്തുള്ളതിൻ ശിക്ഷമാരണമാമോ ?
ഏതു ജാതിയാം മർത്യ ഹത്യയും നരാധമം-
നീതിമാൻമാർക്കാവുമോ, സാധുമുനീസംഹാരം ?
വേദങ്ങൾ പഠിക്കുവാൻ പാടില്ല ശൂദ്രർക്കെന്നു-
വാദിക്കും വരേണ്യരാലാലേഖം പുരാണങ്ങൾ
ചത്ത ദ്വിജപുത്രനു തൈലദോണിയിൽ, പുനർ-
സത്വമേകുമ്പോഴതിൻ അർഹരുണ്ടനവധി;
ഗുഹനും ജടായുവും ആഞ്ജനേയനവർണ-
സഹയോഗിമാരത; ശംബുകൻ നിരസ്തനോ?
അവർണ തപസ്വിയാൽ വിപ്രജാതനു മൃത്യു-
അവലോകനം ചെയ്താൽ അസഹിഷ്ണുത ഹേതു ?
സന്യാസമാവിഷ്കാര സ്വതന്ത്ര്യം; അതിൽ ഭവാൻ
സന്നിവേശിക്കു; നവോത്ഥാനം നാടറിയട്ടെ!
സ്ത്രീപക്ഷ വിരുദ്ധനായ് ആസുരാംഗനമാരേ-
വ്യാപന്നമാക്കുന്നങ്ങിൽ കേവലമൊരു സ്ത്രീ ഞാൻ!
താടക, ശൂർപ്പണഖ ആദിയാരണ്യ സ്ത്രീകൾ
കാടകം പിടഞ്ഞില്ലേ ഖരമാരിചർ പോലെ
കാന്തയാം ഞാനും കാടിൻ രാക്ഷസി സമമിപ്പോൾ
കാന്താരം പൂകി ഭത്തൃ പീഡിതയാവാൻ വിധി
അറിയാതശുദ്ധയായ് ശിലയായഹല്യയിൽ
പുറം കാൽ സ്പർശത്തിനാൽ ശാപമോക്ഷവും നൽകി;
ആ പുറവടി പുണ്യം പാപമുക്തവുമെങ്കിൽ
ആ പാദമെന്തേ തൊട്ടില്ലെൻ പാപ രാഹിത്യത്തിൽ?
ആ അഹല്യയേക്കാൾ ഞാനപരാധം ചെയ്തുവോ-
ഈ അയോനിജപ്പിഴ നിശേഷം നിരാധാരം
വന്ദ്യനായയോദ്ധ്യയിൽ വാഴേണ്ട ഭൂപൻ, പ്രജാ-
നിന്ദനം വിപാകമായന്ത്യത്തിലലട്ടുമ്പോൾ
ആദ്യ ദുരഭിമാന ഘാതകനായ് ശീരാമൻ
വേദ്യമാകരുതേ; ഞാൻ ഭൂമി പൂകിടുമ്പോഴും
ഈ യാത്ര എനിക്കേകമായല്ല, പാരിൽ ഭാവി
സായൂജ്യം തേടും സ്ത്രീകൾക്കായാദ്യ വിമോചനം
രാമനല്ലയനം രാമായണം വാഗ്വർത്ഥത്തിൽ-
രമ ഞാൻ! അയനമെൻ, ‘രമായൺ’- രാമായണം!