Site iconSite icon Janayugom Online

കലഹ വൃത്താന്തം

കവിതകളൊരുപാട് വന്നുപോയല്ലോ
കനത്തൊരുകവിത
കാണുന്നില്ലല്ലോയെന്ന് കവിത കവിയോട്
മാറാപ്പുപേറി ദുരിതക്കനൽ
മുറ്റം കടന്നുവരുമ്പോൾ
മറക്കാനൊരിത്തിരി
മനസമാധാനത്തിന്റെ മിന്നും
വെളിച്ചമെങ്കിലും മടിയാതിനിയട്ടെ
അത് കഴിഞ്ഞു
മതിയെന്ന് കവി
കലഹത്തിന്റെ മൂർധന്യത്തിൽ
കനത്ത നഷ്ടവും പേറി
കവിക്കൊരാശംസ
കവിയാണത്രേ കവി!
പണം കിട്ടുന്നുണ്ടോ? പുസ്തകമിറക്കിയിട്ടുണ്ടോ?
പലപലയവാർഡുകൾ വീട്ടിൽ വന്നോ?
പബ്ലിസിറ്റിചെറുതായെങ്കിലുമുണ്ടോ?
പിന്നെന്തൊരു കവിയാണ് ഹേ?
ഞായം പറയാൻ ഞാനൊന്നുമല്ല
ഞായറും തിങ്കളുമോർമ്മയുണ്ട്
ഞങ്ങൾടെ മുറ്റത്തിറങ്ങിപ്പാടും
ഞാറ്റുവേലക്കിളിക്കൊപ്പം ചേരും
ഞാറുകിളിർക്കുമ്പോൾ പുഞ്ചിരിക്കും
ഞാവൽമരച്ചോട്ടിൽ ഞാന്നു നിൽക്കും
ഞാനെന്നഭാവമൊന്നുള്ളിലില്ല
ഞങ്ങളോന്നാണെന്നുറക്കെയാർക്കും
തീപ്പന്തമായി ജ്വലിക്കലില്ല
തീതുപ്പുംവാക്കുകൾ കൂട്ടിനില്ല
തീരാക്കടമൊന്നുംബാക്കിയില്ല
തളിക നിറച്ചും വിഭവമില്ല
തങ്കത്തിൻ ലോലാക്ക് പേരിനില്ല
തീരാത്തോരക്ഷരക്കൂട്ടിൽ ത്രസിക്കുന്ന
തരുണ്യമോലുന്നഭാഷയുണ്ട്
തുമ്പപ്പൂവക്ഷരംകൂട്ടിനുണ്ട്
തുമ്പിതുള്ളാൻ ചിന്തുപാട്ടതുണ്ട്
തിങ്കൾക്കലയുടെവെണ്മയോലും
തുള്ളിക്കളിക്കുന്നകവിതയുണ്ട്
കവിയും കവിതയും
കതിരായും പതിരായും കരകവിഞ്ഞപ്പോൾ
കവികരിഞ്ഞയടുപ്പുകാലിനരികിലേക്ക്
കവിതയോ, കറുത്തമഷിയുതിർത്തു
കാണാനും കേൾക്കാനും കാഴ്ചക്കാരിലേക്ക്

Exit mobile version