Site iconSite icon Janayugom Online

വര

എങ്ങനെയോ വന്നു
കേറിക്കൂടിയിരിക്കുന്നു
എന്റെയും നിന്റെയും
നടുവിലൊരു ചെറിയ വര

വരച്ചത് നീയല്ലെന്ന് പറഞ്ഞു
തീർച്ചയായും ഞാനല്ല
സൂക്ഷിച്ചുനോക്കിയാൽ
കാണുന്ന ഈ വര എവിടുന്നാണ് വന്നത് ?

ഇഞ്ചിഞ്ചായി വളരുന്നു
ഉയരുന്നു
രണ്ടുപേർക്കും അതിനെ വെറുപ്പാണ്
എഴുതാത്ത വരയെ മായ്ക്കുന്നത് എന്തിന്?

വല്ലാതെ വളർന്ന്
വര മതിലായാൽ
നമ്മൾ പരസ്പരം
കാണുന്നതെങ്ങനെ?

വരയുടെ മൂർച്ച ഇപ്പോൾ
ചങ്കിനെ തൊട്ട് പേടിപ്പിക്കുന്നു
വരകൾ ഒന്നിനൊന്ന് കൂട്ടുന്നു
കിഴിക്കുന്നു, ഗുണിക്കുന്നു,
ഭാഗിച്ചു കിട്ടുന്ന ശേഷം
മാത്രം ശേഷിക്കുന്നു

ഇനി ശ്രദ്ധിക്കണം
എങ്ങനെയോ വന്ന വരയെ കണ്ടല്ലോ
ഉദാസീനത വിട്ടു വേഗം വാ
മായ്ച്ച് കളയാം
അതിന്റെ നടുവിൽ
നമുക്ക് നമ്മെ കാണാവുന്ന
കണ്ണാടി തൂക്കിയിടാം

വിവർത്തനം: സുനിത കുശാൽ നഗർ

Exit mobile version