രക്ത സമ്മർദം കൂടി
കുഴഞ്ഞു വീണ
സുഹൃത്തിനെയും കൊണ്ട്
ദൂര നഗരത്തിലുള്ള
ആശുപത്രിയിലേക്ക്
കുതിച്ചോടുകയാണു ഞാൻ
ആംബുലൻസിൽ സ്ട്രച്ചറിൽ
ബോധമില്ലാതെ കിടക്കുന്ന
അവന്റെ സമീപത്ത്
പാതാളത്തോളമുള്ള
ഏകാന്തതയിൽ ഞാനിരിക്കുന്നു
നിരോധനം കൊണ്ടു
വിജനമായ റോഡിൽ
അങ്ങുമിങ്ങും ചീറിപ്പായുന്ന
ആംബുലൻസുകളല്ലാതെ
വാഹനങ്ങൾ വേറെയില്ല
മരണത്തിന്റെ സൈറൺ
മുഴക്കിപ്പായുന്ന ആംബുലൻസിൽ
മുമ്പൊരിക്കലും കയറിയിട്ടില്ലാത്ത
ഞാൻ ഇന്നതിന്റെ
മേൽനോട്ടക്കാരനായിരിക്കുന്നു.
ഒരു പക്ഷെ സമ്മർദ്ദം കൊണ്ട്
സുഹൃത്തിനേക്കാൾ മുമ്പേ
വീഴേണ്ടിയിരുന്ന ഞാൻ
ഇപ്പോൾ വീഴാതെ പിടിച്ചു നിൽക്കാൻ
ബാധ്യതപ്പെട്ടിരിക്കുന്നു
ആംബുലൻസ് ഒരു
അധികാര വ്യവസ്ഥയാണ്
അതിന്റെ സാന്നിധ്യം മനുഷ്യരെ
സമ്മർദത്തിലും ഭീതിയിലു മാഴ്ത്തുന്നു
പകർച്ചവ്യാധികൾ, അപകടങ്ങൾ
കൂട്ടക്കൊലകൾ, കലാപങ്ങൾ
പോലീസ് അതിക്രമങ്ങൾ
വെടിവയ്പുകൾ
അഭ്യന്തര കുഴപ്പങ്ങൾ
യുദ്ധങ്ങൾ…
ആംബുലൻസുകളുടെ സഹജമായ
ആവാസ വ്യവസ്ഥകൾ
അത് മരണത്തിൽ നിന്നുള്ള
പരക്കംപാച്ചിലാണ്
ജീവൻ തിരിച്ചുപിടിക്കാനുള്ള
അവസാന ഓട്ടമാണ്
അതല്ലെങ്കിൽ മൃതദേഹവുമായുള്ള
നിരാശാഭരിതമായ തിരിച്ചുവരവാണ്
മരണത്തെ ഓർത്തുകൊണ്ടല്ലാതെ
ആംബുലൻസിനെ വിവരിക്കാനാവില്ല
ഇന്നിപ്പോൾ ആത്മസുഹൃത്തിന്റെ
ജീവനെക്കുറിച്ചു മാത്രം
ഓർക്കാൻ ശ്രമിച്ചു കൊണ്ട്
ഞാനീ ആംബുലൻസിലിരിക്കുന്നു
നിരാശയോടെ മടങ്ങാൻ
ഒട്ടും സന്നദ്ധമല്ലാതെ
മരണത്തെ തോൽപ്പിക്കാനുള്ള
എല്ലാ ഒരുക്കങ്ങളോടെയും