അത് വിചിത്രമായൊരു
സ്വപ്നമായിരുന്നു
വീണ്ടും വീണ്ടും നിസംഗതയിലേക്ക്
മേയാൻ വിട്ടിട്ടും
ഭയപ്പാടു ബാക്കി വെച്ച സ്വപ്നം
എത്ര വിശാലമായിരുന്നിട്ടും
ആകാശം ചുരുങ്ങി
ഇരുട്ടറക്ക് സമാനമായി.
മുഖമില്ലാത്ത ഉടലുകളുടെ
നിശ്വാസ സ്വരം നേർത്തു നേർത്തങ്ങനെ
ഓരോ ഉടൽ മരണവും
ഹൃദയത്തിൽ ചോര പൊടിക്കുന്നു…
ഞാൻ നിന്നെത്തിരഞ്ഞിറങ്ങിയതാണ്
നിന്റെ കണ്ണാഴങ്ങളിൽ
പതിയിരിക്കുന്ന സ്നേഹത്താലാണ്
എനിക്കെന്റെ ഹൃദയം
പൊതിഞ്ഞു വെക്കേണ്ടത്..
നിന്നെ മുഖമില്ലായ്മയിലേക്ക്
തള്ളിയിടാതിരിക്കാൻ
മുറിവുകളിൽ
ഔഷധക്കൂട്ടു പുരട്ടേണ്ടതുണ്ട്
ഇരുളിന്റെ മേലങ്കികളിൽ
പ്രകാശം പരത്തേണ്ടതുണ്ട്
വിടർന്നു തുടങ്ങുന്ന പനിനീർപ്പൂക്കളിൽ
സുഗന്ധം നിറക്കേണ്ടതുണ്ട്.