Site iconSite icon Janayugom Online

കാലഭേദങ്ങൾ

ഭൂതകാലം കേൾപ്പിപ്പൂ
അനുഭൂതിരാഗമിടയ്ക്കിടെ
യതുകേട്ടു തുടിക്കുന്നു
ഹൃദയമതിശക്തമായ് 

മധുരമെന്നുമേകിത്തഴുകുന്നു
വർത്തമാനം,സ്നേഹപാശത്താൽ
അഴലുകളുഴുക്കിയും
പൊൻപുഞ്ചിരി പരത്തിയും 

ഇരുകാലവും സന്ധിപ്പൂ
ഒരേ ഹൃദയവേദിയിലതിനാ-
ലുരുകിയുരുകിത്തിളയ്ക്കുന്നു
മോഹവും മോഹഭംഗവും 

തേന്മാവിൽ മുല്ലയെന്നപോൽ
പടർന്നേറിക്കഴിഞ്ഞു നീ,
അടർത്തിയാലടർന്നുപോ-
മെന്റെയും നിന്റെ പ്രാണനും

രണ്ടും പ്രിയലതകളതിനാലെ
ആവുന്നില്ലതുകളടർത്തുവാൻ
തടുത്തു നില്ക്കുന്നു ഞാനെ-
പ്പോഴുംഭൂതകാലത്തെയാവതും 

ഭൂതവും വർത്തമാനവും
ഭാവിയിലേക്കൊരുപോലെയാം
അതിനാലതിശക്തനാകുന്നു
കാലങ്ങളെ പകുക്കുവാൻ 

Exit mobile version