Site iconSite icon Janayugom Online

നഷ്ടബാല്യം

ഒരു കുഞ്ഞുതെന്നലായ് ഗതകാലസ്മരണകൾ
വാതിൽ പഴുതിലൂടെത്തിനോക്കുന്നിതാ
നറുമണം പരത്തിയാകുളിർ സ്പർശമെന്നിൽ
നിറയുന്നു ചേലുള്ള മഴവില്ലിൻ വർണ്ണങ്ങൾ

ഓർക്കുന്നു ഞാനിന്നും ആ നല്ല ബാല്യത്തെ
ഓർക്കാതിരിക്കാൻ കഴിയില്ലൊരിക്കലും
കരച്ചിലും ചിരിയുമായ് കഴിഞ്ഞൊരാനാളുകൾ
ഒരുമയും സ്നേഹവും ആവോളമായ്

ഒരു കുന്നു കനലുകൾ പുകയുന്നുണ്ടെങ്കിലും
സ്നേഹത്തിൻ സാന്ത്വനം പരസ്പരം നൽകിയും
ദൈന്യമാം മിഴികളിൽ ആശ്വാസമേകിയും
ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞൊരാ നാളുകൾ

കരയുന്ന നേരത്ത് കണ്ണീർ തുടയ്ക്കാനും
ചിരിക്കുന്ന നേരത്ത് കൂടെ ചിരിക്കാനും
നുരഞ്ഞു പൊന്തുമെൻ ആത്മദുഃഖങ്ങളെ
പകുത്തെടുക്കുന്നൊരെൻ സ്നേഹസ്പർശവും 

കൊതിക്കുന്നു ഞാനിന്നാ പോയകാലത്തിന്റെ
കയ്പും മധുരവും ചേർന്ന സത്ത്
പറയാതെ പറയുന്ന വാക്കുകളെല്ലാം
അറിയുന്നെന്നാത്മാവിനാഴങ്ങളിൽ

ഇന്നെനിക്കെല്ലാം സ്വപ്നങ്ങൾ മാത്രം
പോയ്മറഞ്ഞെല്ലാം കണ്ണെത്താ ദൂരത്ത്
തിരികെ വരില്ലെന്ന നഷ്ടബോധത്തോട്
നിൽക്കുന്നു ഞാനീ തീരത്തു വെറുതെ. 

Exit mobile version