സത്യത്തെ തിരഞ്ഞലയും നേരത്തു
പാദങ്ങളിടറി പാതിവഴിയിൽ വീഴ്കെ,
എന്നിലേക്കു നീണ്ടകരങ്ങളിൽ
തെളിഞ്ഞ കൂർത്ത പൊന്നാണികൾ
കണ്ടു ഞാനൊരു മാത്ര ഞെട്ടിത്തരിച്ചു കിടന്നുപോയ്
നീർവറ്റിയ നാവിലിത്തിരി നനവേകാൻ
പുതുമഴ പുൽകിയ പുഴയോരത്തെത്തും
നേരത്തു പുതുവെള്ളത്തിൽ കിടന്നു
പുളയുന്നു മുതലക്കൂട്ടങ്ങൾ
പുല്ലുകിളിർക്കാമേടുകൾ താണ്ടിത്തളരും
നേരത്തിളവേൽക്കാൻ തണലുകൾ
തേടിപോകെ, കേട്ടതോ മൊട്ടക്കുന്നിൻ ദീനവിലാപങ്ങൾ
എന്നിട്ടെവിടെയും കണ്ടതില്ല സത്യത്തെ
മാത്രമെങ്കിലും, ഒടുവിലെന്നരികിലായ്
വന്നണഞ്ഞൊരു ശാശ്വതരൂപം
ചെറുപുഞ്ചിരിയാൽ മുഖാമുഖമടുക്കവെ,
ഞാനറിഞ്ഞു ജനനം മുതലവനെൻ
തോഴനെന്ന ബോധം
ആ മുഖമെത്ര സുന്ദരം സുരഭിലം സാന്ദ്ര-
സൗമ്യമെങ്കിലും നിങ്ങൾക്കു കാട്ടിത്തരാൻ
ഇന്നെനിക്കൊരു മുഖമില്ലെന്ന സത്യമറിയുക
എനിക്കൊപ്പം നിങ്ങളും
സ്വയമാശ്വസിക്കുന്നു ഞാൻ എനിക്കു
നഷ്ടമായതെൻ മുഖം മാത്രം, നിങ്ങൾക്കു
നഷ്ടമായതോ ആത്മാവു തന്നല്ലയോ?
പറയുക നിങ്ങൾ മർത്ത്യനാരെന്ന് സഖേ
മുഖം നഷ്ടമായ ഞാനോ?
ആത്മാവു നഷ്ടമായ നിങ്ങളോ?
നഷ്ടം

