പ്രിയതമമൊരു
കുളുർകാറ്റായെന്നെ-
ത്തഴുകുമെന്നോർത്തു
പാതിമയക്കത്തിൽ,
ഉൾക്കണ്ണു മെല്ലെത്തുറന്നതും
നിന്നെത്തിരഞ്ഞു
നിദ്രാവിഹീനനായ്
ഹിമസാനുവിൽ
ലക്ഷ്യമില്ലാതലഞ്ഞതും
വസന്തർത്തു തീർത്ത
വിൺമെത്തയിൽ
താനേ തിരിഞ്ഞും മറിഞ്ഞും കിടന്നതും
ചാരേയണയുമൊരു
വരമുഹൂർത്തവും കാത്തു നിൻ
പദനിസ്വനത്തിനായ്
കാതോർത്തിരുന്നതും
പാഴ് കിനാവോ പ്രിയമാനസാ
ഹരീ…
വന്നു നീ പോയതറിഞ്ഞില്ല
സന്ധ്യയിൽ വാതുക്കൽ
നിൻ വിരൽസ്പർശമുതിർന്നുവോ
കാൽപദനാദമണഞ്ഞുവോ
ഭൂതഗണങ്ങളറിഞ്ഞില്ല
ഭാഗീരഥിയേതും പറഞ്ഞതില്ല
തിങ്കളോ മൂകം മുഖം തിരിച്ചു
ഹിമപുത്രിയോടു ഞാനേതുമാരാഞ്ഞുമില്ല.
ഇളംകാറ്റായ്
നീയണഞ്ഞതുമെന്നെത്തിരഞ്ഞതും
ഹരിച്ചന്ദനഗന്ധമീ
ചുടലക്കളത്തിൽ
പടർന്നതുമറിഞ്ഞില്ല
നീ മറഞ്ഞതും
രാവെന്നെപ്പൊതിഞ്ഞതും
രാപ്പുള്ളു പാടിയകന്നതും
കേൾക്കാതെ കാണാതെ
വേപഥുപൂണ്ടു
നിന്നെപ്പുറംതിരിഞ്ഞിരിപ്പൂ
പ്രാണേശ്വരാ ഞാൻ
പ്രണവം ജപിച്ചിരിപ്പൂ
കാണാതെയന്നു നീ
ചൊല്ലിയോരന്താക്ഷരികളും
അക്ഷരശ്ലോകങ്ങളും
താനേ രചിച്ച ഭാവഗീതങ്ങളിൽ
തോരാവരികളിൽ
പന്തുവരാളിയലിഞ്ഞതും
നീയൊളിപ്പിച്ച ധ്വനികളിൽ
സർപ്പങ്ങൾ പത്തികൾ താഴ്ത്തിയതും
വർഷങ്ങൾ കണ്ണുനീരായതും
ഞാനറിയാഞ്ഞതെന്തേ ഹരീ…
കൈകോർത്തു പാദമുദ്രകൾ ചാർത്തി
വൈശാഖരാവിലിഴ ചേർത്തൊരുക്കിയ
രാഗാർദ്രമാം
ചക്രവാളച്ചെരുവിലൂടൊഴുകി
വാർമഴവില്ലിൻ കുടിലിൽ
മണ്ണപ്പം ചുട്ടുകളിക്കും
ബാല്യത്തെയെത്തിപ്പിടിക്കാൻ
കൊതിച്ചതുമൊരു
ഗതകാല സ്വപ്നമോ?
പെരിയാറിൻ തണുതീരത്ത്
പൂപാലിക തീർത്തതും
പാത്തും പതുങ്ങിയും കൗമാരനാളിൽ
നഗ്നപാദരായോടിക്കളിച്ചതുമോർത്തു
വീണ്ടും നിന്നെത്തിരയുമീ
നരവീണ കാലവും
ചുളിവീണ സ്വപ്നവും
മൃതി തൊട്ടുണർത്തുന്ന
ഭഗ്നദേഹവുമായ്
പ്രണവം ചൊല്ലുവാൻ
ത്രാണിയില്ല സഖേ
പ്രണയം മൊഴിയുവാൻ നാവുമില്ല!
കാണുമൊരിക്കലെങ്കിലുമെന്ന
വാക്കാലർക്കചന്ദ്രന്മാർ
സാക്ഷികളായ്
താരകൾ മിഴിപൂട്ടും മുൻപേ-
യൊരു വട്ടമെങ്കിലുമീ
ചുടുകാട്ടിലെന്നെയും
കണ്ടേച്ചുപോകണേ
പ്രിയ സൗഹൃദമേ
സൃഷ്ടിതൻ നാഭിയിലുതിർന്ന
താമരയിലെന്നെയുണർത്തുക
നിന്റെയുന്മാദനാദത്തിലെന്നെയും
ശ്രുതി ചേർക്കുക
മോഹിനീരൂപത്തിൽ
ഹരിഹരപ്രിയരാഗമുണർത്തുക
ഞാനൊരഭൗമപ്രകാശമായലിയും
മുൻപേ
രാസപദാർത്ഥമായ്
മണ്ണിൽ ലയിക്കും മുൻപേ
സ്മൃതിയായ്
വായുവിലലിയും മുൻപേ
അതുവരേക്കുമീ ജീവന്റെ
കാളകൂടമെന്റെ
കണ്ഠനാളത്തിലടിയട്ടെ,
ഇനിയൊരു ഭൂതമില്ല
പടരുവാൻ വേരില്ല
തളിർക്കുവാൻ ഹരിതസ്വപ്നങ്ങളില്ല
വിരിയുവാൻ മൊട്ടില്ല
നിന്നെപ്പുൽകുവാനൊരു
കവിതയില്ല
യാത്രയാകുന്നു ഞാന്‍
പ്രിയഹരീ നീയനന്തമായ്
മറയും മുൻപേ
നുരകളായടരും മുൻപേ
പാലാഴിയിൽ ചായുറങ്ങും മുൻപേ
ഒരുമാത്രയെങ്കിലും
നിന്നണിവിരലാലെന്നെയൊന്നു
തൊട്ടേച്ചു പോവുക,യെന്റെ
തുട പിളർന്നൊരു
തിരി തെളിയട്ടെ
തത്വം വിടരട്ടെ,
‘അതു നീയാകട്ടെ’
നീ മാത്രമാകട്ടെ സഖേ!