എന്തും വലിച്ചെറിയാവുന്ന ഒരു പുഴ
കൊടും ദുഃഖത്തിന്റെ
ശീതാവസ്ഥകളിൽ ഖനീഭവിക്കാത്ത
ഖരവും ദ്രവവുമായ
മാലിന്യങ്ങളോട് പരിഭവിക്കാത്ത
ഇറങ്ങുന്നവരും കയറുന്നവരും
കല്ലെടുത്തെറിഞ്ഞാലും
കാർക്കിച്ചു തുപ്പിയാലും
കലഹിക്കാത്ത പുഴ പക്ഷേ
ഓർത്തുവയ്ക്കുന്നതും
കാത്തിരിക്കുന്നതും
ഒരു മന്ദഹാസത്തിന്റെ
ഇതളടരുന്ന നനുത്ത നിമിഷങ്ങളാണ്
ഇനിയുമടർന്നു വീണേക്കാവുന്ന
നേർത്ത ഹാസങ്ങളുടെ
ഔദാര്യത്തിലാണ്
നിക്ഷേപങ്ങളും
നിബന്ധനകളുമില്ലാത്ത പുഴ
മഹാസമുദ്രങ്ങളിലേക്കൊഴുകുന്നത്
മരിക്കാതിരിക്കുന്നത്.