മലയാളികളുടെ മനസിൽ വിപ്ലവം പെയ്തിറങ്ങുകയാണ് പി കെ മേദിനിയുടെ പാട്ടുകളിലൂടെ… ജന്മിത്തത്തിനും കൊടിയ ചൂഷണത്തിനുമെതിരായ തൊഴിലാളികളുടെ മനസിലെ ചൂടും ചൂരും ഈണത്തിൽ അലയടിച്ചപ്പോൾ മലയാളികൾക്കത് നവ്യാനുഭവമായി. ആ ഹൃദയ പുഷ്പങ്ങളെ അവർ ആവോളം നുകർന്നു. അതിന്റെ മാസ്മരികതയിൽ തലമുറകൾ പോരിനിറങ്ങി. പിന്നീട് കേരളം കണ്ടത് ചുടു ചോരയിൽ ഇതിഹാസം രചിക്കുന്ന മണ്ണിനെ. കാലഘട്ടത്തെ അടയാളപ്പെടുത്തിയ ആ ഗാനങ്ങൾക്ക് ഇന്നും പതിനാറിന്റെ ചെറുപ്പമാണ്. മനുഷ്യ മനസുകളിൽ പാട്ടുകളിലൂടെ തീജ്വാലകൾ പടർത്തിയപ്പോൾ അസ്വാദകരുടെ മനസ്സിൽ ‘പടപ്പാട്ടുകാരി’ എന്ന വിളിപ്പേരുമുണ്ടായി പി കെ മേദിനിക്ക്. പുന്നപ്ര വയലാർ സമരം നടക്കുമ്പോൾ പ്രായം 12. കൂട്ടക്കൊലകളും കിരാത വാഴ്ചകളും കണ്ടും കേട്ടും വളർന്ന ബാല്യം. നിരോധിക്കപ്പെട്ട പാട്ടുകൾ പാടി തൊഴിലാളികളെ ആവേശത്തിലാഴ്ത്തി. പാട്ടിനെ തടവിലാക്കാൻ ഒരു ഭരണ കൂടത്തിനും കഴിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആ ജീവിതം. പുന്നപ്ര വയലാർ സമര സേനാനികളിൽ ജീവിച്ചിരിക്കുന്ന ഏക വനിതയാണ് പി കെ മേദിനി. ഓഗസ്റ്റ് എട്ടിന് നവതിയുടെ നിറവിലെത്തുമ്പോഴും ആ മനസ്സിൽ പെയ്തിറങ്ങുന്നത് ചുവപ്പിന്റെ ഹൃദയ താളം.
കല്ലും മുള്ളും നിറഞ്ഞ കനൽ വഴികൾ
കല്ലും മുള്ളും നിറഞ്ഞ കനൽ വഴികൾ താണ്ടിയായിരുന്നു പി കെ മേദിനിയുടെ വരവ്. പുന്നപ്ര വയലാർ സമര പോരാളികൾക്ക് ഊർജ്ജ സ്ത്രോതസായി മാറിയ വിപ്ലവ ഗാനങ്ങളിലൂടെ മേദിനി മലയാളികളുടെ സ്വന്തം പടപാട്ടുകാരിയായി. എട്ടാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായി. വിപ്ലവത്തിന്റെ കനലോർമ്മകൾ നിറഞ്ഞ ജീവിതം. വിപ്ലവഗാന രംഗത്ത് ഒട്ടേറെ സഖാക്കൾ ഉണ്ടായിരുന്നെങ്കിലും മലയാളികൾ പ്രഥമ സ്ഥാനം നൽകി നെഞ്ചോട് ചേർത്തത് പി കെ മേദിനിയെ ആയിരുന്നു. കേരളത്തിലെ ആദ്യ ട്രേഡ് യൂണിയനായ തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്സ് യൂണിയന്റെ സാംസ്കാരിക കേന്ദ്രമാണ് പാട്ടുകാരിയെ വളർത്തിയത്. പാട്ടിലൂടെയും
കവിതകളിലൂടെയും അവകാശങ്ങൾ ചോദിച്ച് വാങ്ങുവാൻ തൊഴിലാളികളെ സജ്ജരാക്കുകയായിരുന്നു സാംസ്കാരിക കേന്ദ്രത്തിന്റെ ലക്ഷ്യം. അനസൂയ, കാളിക്കുട്ടി ആശാട്ടി, ജനയുഗം ഹരിദാസ്, കെ മീനാക്ഷി തുടങ്ങിയവരായിരുന്നു സഹപ്രവർത്തകർ. 19-ാം വയസ്സിൽ എൻ കെ രാഘവനാണ് പാർട്ടി മെമ്പർഷിപ്പ് നൽകിയത്. എം എൻ ഗോവിന്ദൻനായർ, ടി വി തോമസ്, സി കെ ചന്ദ്രപ്പൻ, വെളിയം ഭാർഗ്ഗവൻ തുടങ്ങിയ നേതാക്കളോടൊപ്പമുള്ള പ്രവർത്തനം തനിക്ക് നൽകിയത് വലിയ അനുഭവസമ്പത്തായിരുന്നുവെന്ന് മേദിനി പറയുന്നു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും ഇപ്റ്റ, യുവകലാസാഹിതി, വനിതാസാഹിതി, മഹിളാസംഘം എന്നീ രംഗങ്ങളിലും തന്റെ മികവ് തെളിയിച്ചു.
ബാല്യം ദുരിതകാലം
ആലപ്പുഴ കാഞ്ഞിരംചിറ വാർഡിൽ കട്ടത്തിൽ വീട്ടിൽ കങ്കാളിയുടെയും പാപ്പിയുടെയും മകളായി 1933 ഓഗസ്റ്റ് എട്ടിനായിരുന്നു മേദിനിയുടെ ജനനം. പന്ത്രണ്ട് മക്കളിൽ ആറ് പേർ മേദിനി ജനിക്കുന്നതിന് മുൻപ് തന്നെ മരിച്ചു. സഹോദരനായിരുന്ന ബാവ കന്നിട്ട ആൻഡ് ഓയിൽ മിൽ യൂണിയന്റെ പ്രധാന പ്രവർത്തകനായിരിന്നു. പിന്നീട് സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. തയ്യൽ തൊഴിലാളിയായി ജീവിതമാരംഭിച്ച മറ്റൊരു സഹോദരൻ പി കെ ശാരംഗപാണി കലാ സാംസ്കാരിക രംഗത്തും സജീവമായിരുന്നു. ആദ്യം നാടക രംഗത്തും പിന്നീട് സിനിമയിലേക്കും ചുവട് വെച്ച അദ്ദേഹത്തിന്റെ തൂലികയിൽ
പിറന്ന ഉണ്ണിയാർച്ച, പാലാട്ടുകോമൻ, ആരോമലുണ്ണി, തുമ്പോലാർച്ച, കണ്ണപ്പനുണ്ണി, പാലാട്ട് കുഞ്ഞിക്കണ്ണൻ, കടത്തനാടൻ അമ്പാടി തുടങ്ങിയ ഹിറ്റ് സിനിമകൾ ചരിത്രം രചിച്ചു. ബാർബർ തൊഴിലാളിയായിരുന്ന അച്ഛന്റെ പരിമിതമായ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഫീസ് കൊടുക്കാൻ മാർഗമില്ലാത്തതിനാൽ ആറാം ക്ലാസിൽ വെച്ച് പഠനം ഉപേക്ഷിച്ചു. സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്ത് പാട്ടിനോട് കമ്പം തോന്നിയ മേദിനിക്ക് പ്രാർത്ഥന ചൊല്ലാൻ അവസരം കിട്ടി. അവിടെ നിന്നാണ് പാട്ട് ജീവിതത്തിന് തുടക്കമായത്. അമ്മയായിരുന്നു പാട്ടിന്റെ ഗുരു. അമ്മയുടെ അമ്മാനപാട്ടുകളുടെ ഈണം ഇന്നും മനസ്സിലുണ്ട്. പക്ഷെ പാട്ടിനും, താളലയത്തിനുമപ്പുറത്ത് ദാരിദ്യ്രം കുടുംബത്തെ ചുറ്റിപ്പിടിച്ചിരുന്ന കാലം. ജീവിക്കാൻ അല്ലെങ്കിൽ ചാവാതിരിക്കാനുള്ള ശ്രമം ആയിരുന്നു അന്നത്തെ ഓരോ പ്രവൃത്തിയുമെന്ന് മേദിനി ഓർമ്മിക്കുന്നു.
ആദ്യ പാട്ട്
തൊഴിലാളി സംഘടനയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനങ്ങളുടെയും ഏറ്റവും ആകർഷകമായ പരിപാടിയായി മേദിനിയുടെ പാട്ടുകൾ മാറി. ആളുകളെ കൂട്ടാനായി നോട്ടീസിൽ മേദിനിയുടെ പേരും അക്കാലത്ത് വെക്കുമായിരുന്നു. തൊഴിലാളി പ്രക്ഷോഭം രൂക്ഷമായ ആ കാലത്ത് നിരന്തരമായി യോഗങ്ങൾ ചേർന്നു. അവയെല്ലാം അവസാനിക്കുന്നത് മേദിനിയുടെ പാട്ടോടു കൂടിയും. തിരുവിതാംകൂറും തിരുകൊച്ചിയും ഒന്നാകണമെന്ന് ആവശ്യപ്പെട്ട് ആ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഒരു സമരം നടന്നു. സമരത്തിൽ പങ്കെടുത്തവരെ മൃഗീയമായി മർദ്ദിച്ച് ജയിലിലടച്ചു. സമരത്തിന് നേതൃത്വം നൽകിയ ടി വി തോമസ്, ആർ സുഗതൻ, എസ് കുമാരൻ, കെ ആർ ഗൗരിയമ്മ തുടങ്ങിയവർ ജയിൽ മോചിതരായി. ഇവരെ സ്വീകരിക്കുവാൻ വൈക്കം ടി വി പുരത്ത് ചേർന്ന യോഗത്തിലാണ് ആദ്യമായി മൈക്കിൽ പാടിയതെന്ന് മേദിനി ഓർക്കുന്നു.
അറുതിയില്ലാത്ത പീഡനം
മേദിനിയുടെ കുടുംബം മംഗലത്ത് വീട്ടുകാരുടെ കുടികിടപ്പുകാരായിരുന്നു. വോട്ടവകാശം പോലും ഇല്ല. അറുതിയില്ലാത്ത പീഡനവും. കുട്ടികളെപ്പോലും ജന്മിമാർ വെറുതെ വിട്ടില്ല. ഏക്കറുകളോളം വരുന്ന വിശാലമായ പറമ്പിലെ തെങ്ങുകൾക്കു മുഴുവൻ വെള്ളം കോരി നനക്കേണ്ടത് കുടികിടപ്പുകാരുടെ ജോലിയായിരുന്നു. ആഴമുള്ള കിണറുകളിൽനിന്നോ, ദൂരെയുള്ള കുളത്തിൽനിന്നോ വേണം വലിയ കുടത്തിൽ വെള്ളം എടുക്കാൻ. നൂറു കണക്കിനുവരുന്ന തെങ്ങിന്റെ ചുവടുകളിൽ ദിവസേന വെള്ളം ഒഴിക്കണം.
സഹോദരന്മാർക്കൊപ്പം കുട്ടിയായ മേദിനിയും വെള്ളമെടുക്കാൻ പോകും. കാര്യസ്ഥന്മാർ വന്ന് മണ്ണിൽ വിരലുകൊണ്ട് അമർത്തി നനവ് പരിശോധിക്കും. തൃപ്തി ആയില്ലെങ്കിൽ വീണ്ടും വീണ്ടും വെള്ളമൊഴിപ്പിക്കും. ദേഷ്യം വന്നാൽ തല്ലും. പകലന്തിയോളം കുടുംബം പോറ്റാനുള്ള ജോലി എടുത്തു കഷ്ടപ്പെടുന്നവർക്കാണ് താമസിക്കാനൊരു ഇടം നൽകിയതിന്റെ പേരിൽ ഇങ്ങനെ ക്രൂരമായ പീഡനം. ഇങ്ങനെ സ്വന്തം കഷ്ടപ്പാടിൽ നിന്ന് തൊഴിലാളികൾ സമരത്തിനായി സജ്ജരാകുകയായിരിന്നു.
നീറുന്ന വേദനയായി കൃഷ്ണപിള്ള
വീടിനടുത്തുള്ള പുത്തൻപുരക്കൽ വീട്ടിൽ ചില കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒളിവ് ജീവിതം നയിക്കുന്ന കാര്യം സഹോദരനായ ബാവയാണ് മേദിനിയോട് പറഞ്ഞത്. ‘നീ അവിടെ വരെ പോകണമെന്നും, ഒരു പൊതി കിട്ടും അത് വാങ്ങി വെക്കണം’ എന്നും ബാവ നിർദ്ദേശിച്ചു. ആരെയാണ് കാണേണ്ടത്, എന്താണ് തരുന്നത് എന്നെല്ലാമുള്ള ചോദ്യങ്ങൾ മേദിനിയുടെ മനസിൽ അവശേഷിപ്പിച്ച് ബാവ വേഗത്തിൽ മറഞ്ഞു. പുത്തൻപുരക്കൽ വീട്ടിൽ എത്തിയപ്പോൾ മേദിനി കണ്ടത് പകുതി മാത്രം തുറന്ന് കിടക്കുന്ന വാതിലിലൂടെ ഒരു പുരുഷ രൂപത്തെയായിരുന്നു. ഇരുണ്ട നിറവും അരക്കയ്യൻ ഷർട്ടും തിളങ്ങുന്ന കണ്ണുകളുമുള്ള ഒരാൾ. അദ്ദേഹം ഒരു പൊതി മേദിനിക്ക് നൽകി. കൂടെയൊരു പുസ്തകവും. ഇത് വായിക്കണം കേട്ടോ എന്ന് നിർദേശിക്കുകയും ചെയ്തു. ഏറെനാൾ നാൾ കഴിഞ്ഞാണ് അത് പി കൃഷ്ണപിള്ള ആയിരുന്നെന്ന് മേദിനി അറിഞ്ഞത്. എപ്പോഴും എവിടെയും പറഞ്ഞു കേട്ട കൃഷ്ണപിള്ളയെ കാണാൻ കഴിഞ്ഞത് ജീവിതത്തിലെ ധന്യ മുഹൂർത്തമായിരുന്നെന്ന് മേദിനി ഓർക്കുന്നു. കൃഷ്ണപിള്ളയുടെ വാത്സല്യവും സ്നേഹവുമെല്ലാം മേദിനിയെ സ്വാധിനിച്ചു. തൊട്ടടുത്ത ദിവസം തന്നെ കൃഷ്ണപിള്ള ഒളിസങ്കേതം മാറ്റി. ആഴ്ചകൾക്ക് ശേഷം മേദിനി അറിഞ്ഞത് ഒരു ദുരന്ത വാർത്ത ആയിരിന്നു. പ്രീയ സഖാവ് പാമ്പുകടിയേറ്റ് മരിച്ചു. സംഭവം അറിഞ്ഞ മേദിനി കുറെ കരഞ്ഞു. തിരുവിതാം കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫിസിൽ സഖാവിനെ അവസാനമായി കാണാൻ മേദിനിയും എത്തിയിരുന്നു.
ജീവിത പങ്കാളിയായി ലഭിച്ചത് കോൺഗ്രസുകാരനെ
വീട്ടിലെ സമ്മർദ്ദം മൂലം ഒടുവിൽ മേദിനി വിവാഹത്തിന് സമ്മതിച്ചു. അച്ഛന്റെ അനന്തരവനായ കലവൂർ സ്വദേശി ശങ്കുണ്ണിയെയാണ് വീട്ടുക്കാർ വരനായി കണ്ടെത്തിയത്. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു ശങ്കുണ്ണി. ഇതിൽ ദുഃഖമുണ്ടായ മേദിനി ഒരു ഡിമാൻഡ് മുന്നോട്ട് വെച്ചു. താനൊരു കമ്മ്യൂണിസ്റ്റായി തന്നെ ജീവിക്കുകയും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുകയും ചെയ്യില്ല. ഇത് അംഗീകരിച്ചതോടെ നിറഞ്ഞ മനസോടെ മേദിനി വിവാഹത്തിന് സമ്മതിച്ചു.
സിനിമകളിലും സജീവം
അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത ‘വസന്തത്തിന്റെ കനൽ വഴികൾ’ എന്ന സിനിമയിൽ ചിരുത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മേദിനി ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് അദ്ദേഹം തന്നെ സംവിധാനം ചെയ്ത ‘തീ’ എന്ന സിനിമയിലും വേഷമിട്ടു. മേദിനി പാടിയ പാട്ടുകൾ റെക്കോർഡ് ചെയ്ത് ചരിത്രത്തിന്റെ ഭാഗമാക്കണമെന്ന് ആദ്യം നിർദ്ദേശിച്ചത് മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരായിരുന്നു. ഇപ്റ്റ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. എൻ ബാലചന്ദ്രനാണ് ഇതിനായി മുൻകൈയെടുത്തത്. റെഡ് സല്യൂട്ട്, മനസ് നന്നാവട്ടെ തുടങ്ങിയ പാട്ടുകൾ ഉൾപ്പെട്ട കാസറ്റ് വില്പനയിൽ റെക്കോർഡ് കളക്ഷൻ നേടി. ഇതോടെ മേദിനിയുടെ സാന്നിധ്യമില്ലാതെ തന്നെ പാട്ടുകൾ സമ്മേളന വേദികളിൽ സജീവമായി. തൊണ്ണൂറിന്റെ നിറവിലും ആ കണ്ണുകളില്‍ കെടാത്ത കനലുണ്ട്.