“വാസുവേട്ടാ നിങ്ങളുടെ മോൻ ഷിജുവിന്റെ കല്യാണമല്ലേ. ഓൻ ക്ഷണിച്ചിരുന്നു. നമുക്ക് അടിച്ചു പൊളിക്കണം” — അങ്ങാടിയിൽ സദ്യക്കുള്ള സാധനങ്ങളുടെ ലിസ്റ്റ് ഏല്പിച്ച് മടങ്ങവെ ഭണ്ടാരപ്പുരയിൽ രാജൻ പറഞ്ഞത് കേട്ട് അയാൾ തരിച്ചുനിന്നു. രാജൻ മുഴു കുടിയനും കഞ്ചാവുമൊക്കെയാണെന്ന് കേട്ടിട്ടുണ്ട്.
”അടിച്ചു പൊളിക്കാം എന്നു പറഞ്ഞത് കല്യാണം കുളമാക്കാനാണോ?” ‑ഓർത്തപ്പോൾ അയാൾക്ക് മുന്നോട്ട് ഒരടി വെക്കാൻ കഴിഞ്ഞില്ല.
കണ്ണൂരിൽ കല്യാണം കളിയായപ്പോൾ ബോംബേറിൽ തലയോട് പൊട്ടി ഒരാൾ മരിച്ചിട്ട് ദിവസങ്ങളെ ആയുള്ളൂ. മകന്റെ കല്യാണമെന്ന സുന്ദര നിമിഷങ്ങൾ സ്വപ്നം കണ്ടു നടന്ന വാസുവിന് ദിവസം കഴിയുന്തോറും ആന്തൽ കൂടി വന്നു.
സത്യത്തിൽ പെണ്ണ് കിട്ടാൻ ഈ നാട്ടിൽ വല്ലാത്ത പ്രയാസമാണെന്ന് മകന് വേണ്ടി അന്വേണം ആരംഭിച്ചന്ന് മുതലാണ് വാസുവിന് മനസ്സിലായത്. സാധാരണ സർക്കാർ ജോലിയില്ലെന്ന കാരണത്താലാണ് പെൺകുട്ടികൾ കല്യാണം വേണ്ടെന്ന് പറയാറ്. അങ്ങനെ പറഞ്ഞ് പല വിവാഹാലോചനകളിൽ നിന്നും പിന്മാറിയ തെക്കേ വളപ്പിലെ ശ്രീധരന്റെ മകൾ പെയിന്റുിംഗ് തൊഴിലാളിയുടെ കൂടെ ഒളിച്ചോടിയിരുന്നു. മനസിൽ പ്രണയത്തെ നട്ടുവളർത്തുന്നവർ രക്ഷപ്പെടാൻ പറയുന്ന കാരണങ്ങളിലൊന്നാണ് സർക്കാർ ജോലിയെന്നത് പലപ്പോഴും തോന്നിയിട്ടുണ്ട്.
നിജീഷ് പട്ടാളക്കാരനാണ്. അതിർത്തി കാക്കുന്നവനാണൊന്നൊക്കെ പലയിടങ്ങളിൽ നിന്നും പറഞ്ഞിട്ടും പെൺകുട്ടികളെ കീഴടക്കാനായില്ല. ജാതകം, ജാതി, സമുദായം എന്നീ വിഷയങ്ങളിൽ തട്ടി പെണ്ണുകാണൽ ചടങ്ങ് ഉടഞ്ഞുപ്പോയി. ജാതീയതക്കെതിരെ ഘോരഘോരം സംസാരിച്ച് കയ്യടികൾ വാങ്ങിയ നേതാവ് പോലും സ്വന്തം കാര്യത്തിലെത്തിയപ്പോൾ എനിക്കല്ല; ഭാര്യക്ക് ജാതി നിർബന്ധമാണെന്ന് പറഞ്ഞ് ഉരുണ്ടു പിരണ്ടു. നാളുകൾ നീണ്ട അന്വേഷണത്തിന് ശേഷമാണ് ഈ കല്യാണം ശരിയായത്. പേര് ഷീന. ഡിഗ്രി അവസാന സെമസ്റ്റർ വിദ്യാർത്ഥിനി. ചൊവ്വാദോഷത്തിന്റെ പേരിൽ വിവാഹം പല തവണ മുടങ്ങിപ്പോയ പെൺകുട്ടി. അവൾ രാജ്യം കാക്കുന്ന എന്റെ മകന്റെ ജീവിത സഖിയാകുന്നു. “മകന്റെ കല്യാണമാണ്. എല്ലാവരും വരണം. ഗാലക്സി ഓഡിറ്റോറിയത്തിൽ നിന്നാണ്. മറ്റ് ആഘോഷങ്ങളൊന്നുമില്ല.” ഇങ്ങനെയാണ് വാസു പരിചയക്കാരുടെ വീടുകൾ തോറും കയറിയിറങ്ങി ക്ഷണിക്കുന്നത്.
“അപ്പോ തലേ ദിവസം വീട്ടിൽ പരിപാടി വല്ലതും?”
ഇല്ല ഒന്നൂല്ല.” “അതു ശരിയായില്ല. ആകെ ഒറ്റൊരു മകനാണ്. നിങ്ങടെ വീട്ടിൽ ഒരു പാട് വർഷങ്ങൾക്ക് ശേഷം നടക്കുന്ന പരിപാടിയല്ലേ. അത് ഉഷാറാക്കണം. തലേ ദിവസം രാത്രി വീട്ടിൽ ചെറിയ രീതിയിൽ പാർട്ടിയൊക്കെയാകാം.” “നിങ്ങൾ പറയുന്നതൊക്കെ ശരിയാണ്. പക്ഷെ ഇപ്പോഴത്തെ കാലത്ത് അതൊന്നും ശരിയാവില്ല. ക്ഷണിക്കണമെന്നൊന്നുമില്ല. പലരും കുടുംബസമേതം വരും. ചിലർ കള്ള് കുടിച്ച് ബോധം അർദ്ധാവസ്ഥയിലെത്തുമ്പോൾ കുഴപ്പമാക്കും.”
“വാസുവേട്ടാ… അതൊന്നും ഓർത്ത് നിങ്ങൾ വേവലാതിപ്പെടേണ്ടാ. ഞങ്ങളൊക്കെ ഇല്ലേയിവിടെ?” ചുറ്റിൽ നിന്നും ഊർജ്ജമുള്ള വാക്കുകൾ പ്രവഹിച്ചിട്ടും വാസുവിൽ അത് ധൈര്യമായി മാറിയില്ല. “ഘോഷയാത്ര ഗംഭീരമാക്കേണ്ടേ?” ക്ലബ്ബിൽ നിന്നും യുവാക്കളുടെ സംഘം ചോദിച്ചപ്പോൾ തന്നെ വാസുവിന്റെ ധൈര്യം പകുതിയായി. “എന്ത് ഘോഷയാത്ര?” ‑വാസുവിൽ നിന്നും വാക്കുകൾ അടർന്നു. “ഓഡിറ്റോറിയത്തിൽ നിന്നും വധൂവരന്മാരെ സ്വീകരിച്ച് ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര. കറുത്ത കണ്ണടയൊക്കെയിട്ട്, സൈക്കിൾ റിക്ഷയിലൊക്കെ കൊണ്ടു പോകുന്നത് കണ്ടിട്ടില്ലേ? വഴി നീളെ പടക്കമൊക്കെ പൊട്ടിച്ച്. വാസുവേട്ടൻ എന്താ ഒന്നും മിണ്ടാത്തത്.” തല കുനിച്ച് അയാൾ അവിടെ നിന്നും നടന്നു. അച്ഛന്റെ ഉള്ളിലെ കല്യാണഭയം ഷിജുവിന് മനസ്സിലായി.
“കല്യാണ ഘോഷയാത്ര നടത്താം. അച്ഛൻ പേടിക്കേണ്ടാ. ഒന്നും സംഭവിക്കില്ല.” മകനുമപ്പുറം ഒരു പട്ടാളക്കാരന്റെ വാക്കിൽ വാസു സമാധാനപ്പെട്ടു.
“കല്യാണം കഴിഞ്ഞ് വധൂവരന്മാർ ഓഡിറ്റോറിയത്തിന് മുന്നിലുള്ള ഗേറ്റിലൂടെയിറങ്ങും. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ അവിടെയാണ് കാത്തുനിൽക്കേണ്ടത്.” ‑നിർദ്ദേശം കിട്ടിയ ഉടൻ മേളക്കാരും കുഴപ്പക്കാരും വെടിക്കാരുമെല്ലാം ഗേറ്റിന് മുന്നിൽ കാത്തുനിന്നു.
ഷിജു ഷീനയുടെ കഴുത്തിൽ താലിക്കെട്ടി. കുടുംബക്കാരുടെ അനുഗ്രഹങ്ങൾ വാങ്ങിയ ശേഷം ഷീനയുടെ കയ്യും പിടിച്ച് ആരും കാണാതെ ഓഡിറ്റോറിയത്തിന്റെ പിറകിലെ ഗേറ്റിലൂടെ പുറത്തിറങ്ങി. പാടവും, തോടും കടന്ന് സ്വതന്ത്രരായ പക്ഷികളെ പോലെ വീട്ടിലേക്ക് പറക്കുന്ന മക്കളെ വാസു ഓഡിറ്റോറിയത്തിന്റെ മുകളിലെ ജനാല തുറന്ന് നോക്കി നിന്നു.