Site iconSite icon Janayugom Online

തൃശ്ശൂരില്‍ യുവാവിന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍

തൃശൂരില്‍ യുവാവിന്റെ മരണത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണത്തിലാണ് ഭാര്യ നിഷ(43)യെ പിടികൂടിയത്. ദമ്പതിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യ ഭര്‍ത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

ജൂലായ് 11-ാം തീയതി രാത്രിയായിരുന്നു സംഭവം. മരിച്ച വിനോദ് കൂലിപ്പണിക്കാരനായിരുന്നു. നിഷ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയും. നിഷയുടെ ഫോണ്‍വിളികളില്‍ സംശയമുണ്ടായിരുന്ന വിനോദ് ഇതേച്ചൊല്ലി ഭാര്യയുമായി കലഹിക്കുന്നത് പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവദിവസം വൈകിട്ട് വിനോദ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഫോണില്‍ സംസാരിക്കുന്നതാണ് കണ്ടത്. ഇതോടെ വിനോദ് ബഹളമുണ്ടാക്കുകയും ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയുംചെയ്തു. നിഷ ഇതിനെ ചെറുത്തതോടെ ഇരുവരുംതമ്മില്‍ മല്‍പ്പിടിത്തമായി. വിനോദ് നിഷയുടെ കൈപിടിച്ച് തിരിച്ചു. ഇതോടെ വേദനകൊണ്ട് കുപിതയായ നിഷ സമീപത്തിരുന്ന മൂര്‍ച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.

നെഞ്ചില്‍ കുത്തേറ്റ വിനോദ് പിന്നാലെ സമീപത്തെ കട്ടിലില്‍ ഇരുന്നു. ഭയന്നുപോയ നിഷ മുറിവ് അമര്‍ത്തിപ്പിടിച്ചതോടെ ആന്തരിക രക്തസ്രാവമുണ്ടാവുകയും വിനോദ് തളര്‍ന്നുപോവുകയുമായിരുന്നു. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും വിനോദിന്റെ രക്തസ്രാവം നിലയ്ക്കാത്തത് കണ്ട് നിഷ തന്നെ വാഹനം വിളിച്ചുവരുത്തി ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായി വിനോദ് മരിക്കുകയായിരുന്നു.

പിടിവലിക്കിടെ നിലത്തുവീണപ്പോള്‍ ശരീരത്തില്‍ എന്തോ തട്ടിയതാണ് മുറിവിന് കാരണമായതെന്നാണ് നിഷ ആശുപത്രിയില്‍ അറിയിച്ചിരുന്നത്. സംഭവത്തില്‍ സംശയമുള്ളതിനാല്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് കേസില്‍ അന്വേഷണം വിപുലമാക്കിയത്.

നിഷയെ കണ്ട് പ്രത്യേകാന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോള്‍ താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നു. ഒടുവില്‍ ചോദ്യംചെയ്യലില്‍ പിടിച്ചു നില്‍ക്കാനാവാതെ നടന്ന സംഭവങ്ങള്‍ തുറന്നുപറഞ്ഞു. കത്തികൊണ്ടുള്ള തന്റെ കുത്തേറ്റതാണ് വിനോദ് മരണപ്പെടാന്‍ കാരണമെന്നും നിഷ പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Eng­lish Sum­ma­ry: varan­tharap­pil­ly vin­od mur­der case wife nisha arrested
You may also like this video

Exit mobile version