കൊറോണയ്ക്ക് കൂടുതല്‍ അപകടകരങ്ങളായ വകഭേദങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍.
ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നതിനിടെയാണ് ലോകത്തെ ആശങ്കപ്പെടുത്തുന്ന കൊറോണ വൈറസിന്റെ അവസാന പതിപ്പ് ഇതായിരിക്കില്ലെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഓരോ അണുബാധയും വൈറസിന് പരിവര്‍ത്തനം ചെയ്യാനുള്ള അവസരം നല്‍കുന്നുവെന്ന് ബോസ്റ്റണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ പഠനം വിലയിരുത്തുന്നു. നേരത്തെ ഒമിക്രോണ്‍ വ്യാപനത്തോടെ മഹാമാരി അവസാനിച്ചേക്കുമെന്ന് ശാസ്ത്രലോകം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
വൈറസ് കൂടുതല്‍ ആളുകളിലെത്തുന്നതോടെ കൂടുതല്‍ പരിണമിക്കുന്നതായാണ് കണ്ടെത്തലുകള്‍. അടുത്ത വകഭേദങ്ങള്‍ എങ്ങനെയായിരിക്കുമെന്നോ അവ എങ്ങനെയാണ് മഹാമാരിയെ രൂപപ്പെടുത്തുന്നതെന്നോ അനുമാനിക്കാന്‍ കഴിയില്ല. എന്നാല്‍ ഒമിക്രോണിന്റെ തുടര്‍ച്ചകള്‍ രോഗത്തിന്റെ മാരകാവസ്ഥ കുറയ്ക്കുമെന്നോ നിലവിലുള്ള വാക്സിനുകള്‍ അവയ്ക്കെതിരെ പ്രവര്‍ത്തിക്കുമെന്നോ യാതൊരു ഉറപ്പുമില്ലെന്ന് അവര്‍ പറയുന്നു.
ഡല്‍റ്റാ വകഭേദത്തേക്കാള്‍ കൂടുതല്‍ വേഗതയിലാണ് ഒമിക്രോണ്‍ പടരുന്നത്. ഇതിനാല്‍ മ്യൂട്ടേഷനുള്ള കൂടുതല്‍ അവസരങ്ങളുണ്ട്, ഇത് കൂടുതല്‍ വകഭേദങ്ങളിലേക്ക് നയിച്ചേക്കാമെന്ന് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ലിയോനാര്‍ഡോ മാര്‍ട്ടിനെസ് പറഞ്ഞു.
മുമ്പ് കോവിഡ്-19 ബാധിച്ച വ്യക്തികളെ വീണ്ടും ബാധിക്കാനും വാക്‌സിനേഷന്‍ എടുത്തവരില്‍ അണുബാധ ഉണ്ടാക്കാനും ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണിന് കൂടുതല്‍ ശക്തിയുണ്ട്. ദൈര്‍ഘ്യമേറിയതും സ്ഥിരവുമായ അണുബാധകളാണ് പുതിയ വകഭേദങ്ങളുടെ ഉത്ഭവത്തിന് കാരണമായി തോന്നുന്നത്. വളരെ വ്യാപകമായ അണുബാധ ഉണ്ടാകുമ്പോള്‍ ഇത് സംഭവിക്കാനുള്ള അവസരം ലഭിക്കുമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. സ്റ്റുവര്‍ട്ട് കാംപ്‌ബെല്‍ റേയും അഭിപ്രായപ്പെടുന്നു.
ലോകാരോഗ്യ സംഘടനയും ഇതേ അഭിപ്രായമാണ് ഏറ്റവുമൊടുവില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. കോവിഡ് വൈറസിന് കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതകള്‍ നിലനില്‍ക്കുന്നതായും അടുത്ത വകഭേദം ഏത് രീതിയിലായിരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും ഗവേഷകയായ മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.
English Summary: Variations may persist after omicron: Scientists warn
You may like this video also