Site iconSite icon Janayugom Online

പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ വൈവിധ്യമര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കുന്നു: മന്ത്രി ജെ ചിഞ്ചുറാണി

മമ്പാട്: സംസ്ഥാനം പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരികയാണെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പ് മൂന്നു ദിവസങ്ങളിലായി ജീവനീയം 2024–25 എന്ന പേരില്‍ സംഘടിപ്പിച്ച ജില്ലാതല ക്ഷീര കര്‍ഷക സംഗമം സമാപന സമ്മേളനം ഉദ്ഘാടനം കാട്ടുമുണ്ട തോട്ടത്തില്‍ കണ്‍വന്‍ഷന്‍ സെന്റില്‍ ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

ഇരുപത്തിരണ്ട് കോടി ചെലവില്‍ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലനം, തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന കിടാരി പാര്‍ക്കുകള്‍, ക്ഷീരകര്‍ഷകര്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന ക്ഷീരസാന്ത്വനം എന്നിങ്ങനെ ബൃഹത്തായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അസുഖം ബാധിച്ച പശുക്കളെ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് വീട്ടിലെത്തി ചികില്‍സിക്കാന്‍ 68 വാഹനങ്ങള്‍ ബ്ലോക്ക് തലത്തില്‍ നല്‍കും. 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ വാഹനങ്ങള്‍ വീട്ടിലെത്തും. പശുക്കള്‍ക്ക് ഏര്‍പ്പെടുത്തുന്ന ആരോഗ്യകാര്‍ഡ് പദ്ധതി വഴി ഓരോ പശുവിനെയും കുറിച്ചുള്ള കൃത്യമായ ആരോഗ്യവിവരങ്ങളും, ഉടമയെ സംബന്ധിക്കുന്ന വിവരങ്ങളുമെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകും. അതിദരിദ്രര്‍ക്കും തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കും സ്ഥിരവരുമാനത്തിന് പശുക്കളെ സബ്സിഡിയിനത്തില്‍ നല്‍കി വരുന്നുണ്ട്. മാത്രമല്ല, ക്ഷീരശ്രീ പോര്‍ട്ടല്‍ വഴി പശുകള്‍ക്ക് ഇന്‍ഷുറന്‍സിന് അപേക്ഷിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനുള്ള അവാര്‍ഡ് കോഡൂര്‍ ക്ഷീരസംഘത്തിലെ കുഞ്ഞിമുഹമ്മദ് ഹാജിക്ക് മന്ത്രി സമ്മാനിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡ് കാളികാവ് ബ്ലോക്കിലെ കരുളായി ക്ഷീരസംഘം നേടി. നിലമ്പൂര്‍ ബ്ലോക്കിലെ പാലേമാട് ക്ഷീരസംഘം ആണ് ഏറ്റവും ഗുണമേന്മയുള്ള പാല്‍ സംഭരിച്ച ക്ഷീരസംഘം. 

ഏറ്റവും മികച്ച ക്ഷേമനിധി കര്‍ഷകനായി ചേലക്കടവ് ക്ഷീരസംഘത്തിലെ രാജന്‍ നെല്ലൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. വടക്കുമ്പുറം ക്ഷീരസംഘത്തിലെ സജിത ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകയ്ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. ഏറ്റവും പാല്‍ അളന്ന പട്ടികജാതി ക്ഷീരകര്‍ഷകക്കുള്ള അവാര്‍ഡ് വഴിക്കടവ് ടൗണ്‍ സംഘത്തിലെ ശാന്ത, മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ഇതിന് പുറമെ ക്ഷീരസംഗമം ലോഗോ ചെയ്ത വ്യക്തിക്കുള്ള അവാര്‍ഡ്, ക്ഷീരസംഘം ജീവനക്കാര്‍ക്കിടയില്‍ നടത്തിയ ഡയറി ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍, കന്നുകാലി പ്രദര്‍ശനമത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍, വണ്ടൂര്‍ ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ എന്നിവയും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ജോയിന്‍ ഡയറക്ടര്‍ ഷീബ ഖമര്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റിട്ട. ഡോ. ഹാറൂണ്‍ അബ്ദുല്‍ റഷീദ്, മമ്പാട് ക്ഷീര സംഘം ചെയര്‍മാന്‍ സണ്ണി ജോസഫ്, വിവിധ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനുവരി 28 മുതല്‍ മൂന്നു ദിവസങ്ങളിലായി നടന്ന ക്ഷീരസംഗമം വിപുലമായ പരിപാടികളോടെയാണ് നടന്നത്. വിളംബര ജാഥ, കന്നുകാലി പ്രദര്‍ശനം, ക്ഷേമനിധി അദാലത്ത്, ക്ഷീരകര്‍ഷകര്‍ക്കുള്ള ശില്പശാല, മെഡിക്കല്‍ ക്യാമ്പ്, സഹകരണ ശില്പശാല, ഡയറി എക്‌സ്‌പോ, ഡയറി ക്വിസ്, കലാസന്ധ്യ, ക്ഷീരവികസന സെമിനാര്‍ തുടങ്ങിയവയാണ് പരിപാടിയുടെ ഭാഗമായി നടന്നത്. സമാപന ദിവസം രാവിലെ നടന്ന ക്ഷീരവികസന സെമിനാര്‍ എ പി അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

Exit mobile version