വര്‍ക്കലയില്‍ മദ്യലഹരിയില്‍ മധ്യവയസ്കൻ ട്രെയിനില്‍ നിന്നും ചവിട്ടി തള്ളിയിട്ട തിരുവനന്തപുരം പാലോട് സ്വദേശി ശ്രീക്കുട്ടി (സോനു, 19) യുടെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നു.
മെഡിക്കല്‍ കോളജില്‍ അതിതീവ്രപരിചരണവിഭാഗത്തില്‍ തുടരുന്ന ശ്രീക്കുട്ടി ശ്വസിക്കുന്നത് വെന്റിലേറ്റര്‍ സഹായത്തോടെയാണ്. നാല് മെഡിക്കല്‍ വിഭാഗം തലവന്മാരുടെ സംഘമാണ് ചികിത്സ നല്‍കുന്നത്.
പെണ്‍കുട്ടിക്ക് തലച്ചോറില്‍ ചതവുകളുണ്ട്. എന്നാല്‍ ഇതിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. ശരീരത്തില്‍ പത്തിലധികം മുറിവുകളാണുള്ളത്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ശ്രീക്കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി തിരുവനന്തപുരം പനച്ചുമ്മൂട് സ്വദേശി സുരേഷ് കുമാര്‍ (50) കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ പ്രതി പുറത്തേക്ക് ചവിട്ടി തള്ളിയിട്ടത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതി സുരേഷ് കുമാറിനെ റിമാൻഡ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചെങ്കിലും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇടയ്ക്ക് മൊഴി മാറ്റിപ്പറയുന്നുണ്ട്.
ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് തിരുമല പിടിപി നഗർ സ്വദേശി അർച്ചനയേയും (19) ഇയാൾ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു. അർച്ചനയുടെയും മറ്റ് യാത്രക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ സുരേഷ്‌കുമാറിനെതിരെ വധശ്രമത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ശ്രീക്കുട്ടി ട്രെയിനിലെ വാതിലിന് സമീപത്തുനിന്ന് മാറികൊടുത്തില്ല എന്നതിന്റെ വിരോധത്തിലാണ് ഇയാൾ നടുവിന് ചവിട്ടിത്തള്ളിയിട്ടതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
ജനറല്‍ കംമ്പാര്‍ട്ട്മെന്റില്‍ നടന്ന അതിക്രമത്തില്‍ റെയില്‍വേക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. സംഭവം നടക്കുമ്പോള്‍ ട്രെയിനില്‍ ഒരു പൊലീസ്‍കാരന്‍ പോലും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. സ്റ്റേഷനുകളില്‍ പരിശോധന ശക്തമാക്കുമെന്നും വാതിലിന് സമീപം നിന്നുകൊണ്ടുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വര്‍ക്കല ട്രെയിന്‍ ആക്രമണം: പെണ്‍കുട്ടിയുടെ നില അതീവഗുരുതരം, റെയില്‍വേക്കെതിരെ വ്യാപക പ്രതിഷേധം

