നിറയെ
കഥകളുടെ
മണമുള്ള കുന്നിൽ
തണലിനെയെല്ലാം
വെയിലു തിന്നുന്നു
മരങ്ങളുടെ നിലവിളി,
പക്ഷികളുടെ ചിറകടി
നാരായ വേരുകളിൽ
ഭൂമിയുടെ ഉപ്പ്
ചിതകളിൽ
നട്ടവരുടെ ചൂര്
വർത്തമാനത്തിന്റെ ചവർപ്പ്…
പൂക്കാലം
മൈഥുനങ്ങൾ
അടയിരുപ്പ്…
കാലത്തിന്റെ വഴികളെല്ലാം
നിശ്ചലമാകുന്നു
കഥയിൽ
വിശപ്പാറ്റിയവർ,
തണലു തീർത്തവർ
ചരിത്രത്തിന്റെ വെയിലേറ്റവർ
വേഗതയുടെ ലോകത്ത്
യന്ത്രങ്ങൾക്കെന്തിന്
മരങ്ങളുടെ
തണലും കുളിരും മധുരവും…?
വഴിയിൽ
കൈകളുയർത്തി
ഒരു യന്ത്രം മുരളുന്നു
അനുഭവങ്ങളുടെ
അടയാളങ്ങളുള്ള
മുത്തശ്ശിമാവ്
വിറകൊള്ളുന്നു.