രാവേറെയായി വഴിക്കണ്ണുമായവർ
നാഥനെക്കാത്തിരിക്കുന്നു
ജന്മനാളിൻ തൊങ്ങൽ വാടുന്നു, കേക്കുമായ്
അച്ഛനെന്തെത്തുവാൻ വൈകീ?
അമ്മിഞ്ഞ നല്കുന്നൊരമ്മയെ കാത്തവൾ
ഏറെക്കരഞ്ഞു മയങ്ങി
അന്നത്തിനർത്ഥമർത്ഥിച്ചു വെളുപ്പിനേ
വെട്ടമണഞ്ഞച്ഛനെങ്ങോ?
അന്ത്യശ്വാസത്തിന്നരികത്തു വന്നെത്തി
തീർത്ഥമിറ്റിക്കുവാനാരോ?
പുത്തനുടുപ്പിട്ടു പുഞ്ചിരിപ്പൂവുമായ്
മുത്തമിട്ടോടിയോളെങ്ങോ?
കയ്യോ വളരുന്നു കാലോ കരുതലിൻ
നഷ്ടസ്വപ്നക്കഥാപാത്രം
വേഗതക്കർത്ഥഭേദങ്ങൾ ചമച്ചവർ
വീഥിയിൽ ശോണപുഷ്പങ്ങൾ!
ആയുസുനീളുമീ വേർപാടിൻ വേദന
വീതിച്ചെടുക്കുവാനാമോ?
കത്തുംവിളക്കൊന്നായ് കുത്തിക്കെടുത്തിരുൾ
മൊത്തമാവാഹിക്കും യജ്ഞം
കാത്തിരിപ്പിന്നന്ത്യയാമത്തിലാർദ്രമായ്
കാതിലെത്തും ദുഃഖവാർത്ത!
വീഥിയിൽ വീണുടയുന്നൊരീ സ്വപ്നങ്ങൾ
ആറടി മണ്ണിൽ മായുന്നു
അല്പമശ്രദ്ധയടിതെറ്റി വീണവർ-
ക്കെന്നും വിധിവേട്ട തന്നെ
വീഥികളെന്നുമൊരേസ്വരം കേഴുന്നു
നിർത്തൂ നരബലിയജ്ഞം
തിട്ടം മനുഷ്യക്കുരുതിക്കുറവിടം
ചിട്ടമറന്ന നാം തന്നെ
നാടിൻ പ്രജകളാരാകിലുമാദ്യന്തം
വീഥിയിൽ തുല്യാവകാശം
ചെത്തിപ്പറന്നാർത്തു പായുന്ന യൗവനം
ഹോമിച്ചിടുന്നെത്ര ജീവൻ!
കേൾക്കുന്നുവോ നിങ്ങൾ കൂട്ടരേ ജീവിതം
റീടേക്കു നൽകില്ല സത്യം
ആയുസുനൽകിയോനേല്പിച്ച ദൗത്യങ്ങൾ
ആരുണ്ടുണർത്താൻ മനസ്സിൽ?
സാനന്ദം ശാന്തം മലരേണ്ട ജീവിതം
ക്രൂരമായ് കുത്തിക്കെടുത്തും
ചിന്തിച്ചുറച്ചു പ്രതിജ്ഞപുതുക്കണം
ഹോമിക്കാനില്ലിനി ജീവൻ
ചട്ടങ്ങളൊത്തുചേർന്നോടുവോർക്കെന്നുമേ
തിട്ടമാണായുർസുരക്ഷ
ആഴക്കയങ്ങളിലാലംബഹീനരെ
ആഴ്ത്തുന്ന ക്രൂരതക്കന്ത്യം
കണ്ണീർക്കയങ്ങളിൽ താഴാതെ മുത്തുകൾ
കോർത്തു വസന്തങ്ങൾ തീർക്കാം!