Site iconSite icon Janayugom Online

ജീവനക്കാരെ ‘ചട്ടം പഠിപ്പിക്കാൻ’ വിസിയുടെ യോഗം

ജീവനക്കാരെ ‘ചട്ടം പഠിപ്പിക്കാൻ’ കേരള സർവകലാശാലയില്‍ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മല്‍ പ്രത്യേക യോ​ഗം ചേര്‍ന്നു. ഹൈക്കോടതിയിൽ നിന്ന് വിമർശനം നേരിട്ട ദിവസം തന്നെയാണ് യോ​ഗം ചേർന്നത്. അനധികൃത യോ​ഗത്തിലേക്ക് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യാത്ത യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘിനെയും വിസി ക്ഷണിച്ചുവരുത്തി. ഇതിൽ പ്രതിഷേധിച്ച് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ യോ​ഗത്തിൽ നിന്ന് വിട്ടുനിന്നു. അതേസമയം യോ​ഗത്തിൽ സർവകലാശാല നടത്തിപ്പുമായി ബന്ധപ്പെട്ട് വിഷയങ്ങൾ ചർച്ച ചെയ്യാതെ ഇടതുപക്ഷ സിൻഡിക്കേറ്റ് അം​ഗങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാനാണ് വിസി തയ്യാറായത്. ഇടതുപക്ഷ അംഗങ്ങള്‍ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്നും അവർ പറയുന്നത് അനുസരിക്കേണ്ട കാര്യമില്ലെന്നും വിസി അധിക്ഷേപിച്ചു. രജിസ്ട്രാറുടെ സസ്പെൻഷൻ നടപടിയെയും വിസി ന്യായീകരിച്ചു. 

എമിരറ്റസ് പ്രൊഫസർമാർ‌, പിഎച്ച്ഡി യോ​ഗ്യതയുള്ളവരടക്കം ഉൾപ്പെടുന്ന സിൻഡിക്കേറ്റ് അം​ഗങ്ങളെയാണ് വിസി അധിക്ഷേപിച്ചത്. സർവകലാശാല ചട്ടങ്ങളെ തനിക്ക് സ്വീകാര്യമാവുന്ന തരത്തിൽ വ്യാഖാനിക്കാനുള്ള ശ്രമവും വിസി നടത്തി. രജിസ്ട്രാർ ‍ഡോ. കെ എസ് അനിൽകുമാറിന് ഫയലുകൾ കൈമാറരുതെന്ന താക്കീതും ജീവനക്കാർക്ക് നൽകി. അതേസമയം യോ​ഗത്തിൽ പങ്കെടുത്ത കോൺ​ഗ്രസ് അനുകൂല സംഘടനാ ജീവനക്കാർക്കിടയിൽ ഭിന്നത രൂക്ഷമായി. വൈസ് ചാൻസലറുടെ സംഘ്പരിവാർ നിലപാടിലെ എതിർപ്പാണ് ഭിന്നതയുടെ കാരണം.

Exit mobile version