വാര്‍ത്താ സമ്മേളനത്തിന് എത്താൻ വൈകിയതിന്റെ പേരിൽ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ അസഭ്യ പരാമര്‍ശത്തില്‍ രാജി ഭീഷണി മുഴക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എഐസിസിയെ അതൃപ്തി അറിയിക്കുകയും ചെയ്തു. കെ സുധാകരന്‍ വാര്‍ത്താസമ്മേളനം വിളിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞപ്പേള്‍ തെളിവുണ്ടെന്ന് മറ്റ് നേതാക്കള്‍ പ്രതികരിച്ചു.
അതേസമയം വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു. കെ സി വേണുഗോപാല്‍ കെ സുധാകരനോടും വി ഡി സതീശനോടും വിഷയത്തെ സംബന്ധിച്ച് സംസാരിച്ചു. ഇത്തരത്തിലുള്ള വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെയും സമരാഗ്‌നി പ്രക്ഷോഭ പരിപാടിയേയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സതീശനുമായി പ്രശ്‌നങ്ങളില്ലെന്നും വിവാദം സൃഷ്ടിച്ചത് മാധ്യമങ്ങളെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.
കെപിസിസിയുടെ സമരാഗ്നി യാത്രയുടെ ഭാഗമായ വാർത്താസമ്മേളനം ആലപ്പുഴയിൽ വിളിച്ചത് രാവിലെ പത്ത് മണിക്കായിരുന്നു. 10.28ന് കെ സുധാകരൻ സ്ഥലത്തെത്തി. എന്നാൽ പ്രതിപക്ഷ നേതാവ് എത്തിയില്ല. ഡിസിസി അധ്യക്ഷൻ ബാബു പ്രസാദിനോട് വിളിച്ചു നോക്കാൻ സുധാകരൻ ആവശ്യപ്പെട്ടു. പിന്നെയും 20 മിനിറ്റ് കാത്തിരുന്നിട്ടും സതീശൻ എത്തിയില്ല. ഇതോടെയാണ് സുധാകരൻ കുപിതനായി ഇയാളിതെവിടെ പോയി കിടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറഞ്ഞത്.
English Summary: v d satheesan against k sudhakaran
You may also like this video