പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോൺഗ്രസിന്റെ ശവകല്ലറ പണിയുകയാണെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. സതീശൻ തറ വര്‍ത്തമാനം പറയുകയാണെന്നും ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിഷേധാത്മകമായ നിലപാടും അഹങ്കാരവുമാണ് പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര.
കോണ്‍ഗ്രസിലെ അനൈക്യം എൽഡിഎഫിന് ഗുണം ചെയ്യും. കോൺഗ്രസിനോട് വിരോധമില്ല. എന്നാൽ, ചില നേതാക്കൾ വ്യക്തി വിദ്വേഷം തീർക്കുകയാണ്. കോൺഗ്രസിൽ അഭിപ്രായ വ്യക്തതയില്ല. സുധാകരൻ പറയുന്നതിന്റെ എതിര് മാത്രമാണ് സതീശൻ പറയുക.സുധാകരനെ മൂലക്കിരുത്തി സതീശനാണ് കോൺഗ്രസിനെ നയിക്കുന്നത്. സതീശൻ ശൈലി കോൺഗ്രസ് മാറ്റണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോണ്‍ഗ്രസ് തന്നെ അകത്തിടാൻ ശ്രമിച്ചതാണ്. കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരൻ തന്നെ അറസ്റ്റ് ചെയ്യാൻ അന്നത്തെ ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നു.ആലുവയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു നടപടിയെന്നും അദ്ദേഹം പറഞ്ഞു.