വാചകമടിയിലൂടെ ഇടതുപക്ഷമാകാമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കരുതുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റജാഥാ പര്യടനത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാചകമടിച്ചാൽ ആരും ഇടതുപക്ഷമാവില്ല. വലതുപക്ഷത്തിന്റെ അങ്ങേയറ്റത്തെ വലതുപക്ഷമാണ് കോൺഗ്രസ്. ബിജെപിയും അതുതന്നെയാണ്. രണ്ടുപേരുടെയും നയം ഒന്നാണ്. നെഹ്രുവിയൻ ഇടതുപക്ഷമാണ് പിന്തുടരുന്നത് എന്നാണ് വി ഡി സതീശൻ അവകാശപ്പെടുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കോൺഗ്രസാണ്. 1957ലെ ഒന്നാം ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതും അവരാണ്. നെഹ്രുവും ഇന്ദിരയും അന്നുണ്ട്. ഇഎംഎസ് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ സഹായം ലഭിച്ചെന്ന് വയലാർ രവി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. രാജ്യം ഭരിച്ചപ്പോഴെല്ലാം കുത്തക മുതലാളിമാർക്ക് വേണ്ടിയാണ് കോൺഗ്രസ് ഭരിച്ചത്. ടാറ്റയെയും ബിർളയെയുമാണ് അവർ വളർത്തിയത്. ഇപ്പോൾ ബിജെപി അഡാനിയെയും അംബാനിയെയും വളർത്തുന്നു. രാജ്യസമ്പത്തിന്റെ 20% അഞ്ചാളുകളുടെ കൈകളിലാണ്. 80% സമ്പത്തും വെറും പത്ത് ശതമാനത്തിന്റെ കൈയിലാണ്. 50% വരുന്ന സാധാരണക്കാരുടെ കയ്യില്‍ വെറും മൂന്ന് ശതമാനം സമ്പത്ത് മാത്രമാണുള്ളത്. കോർപറേറ്റ് സാമ്രാജ്യത്വ ഫിനാൻസ് മൂലധനത്തിനുവേണ്ടിയാണ് രണ്ടു കൂട്ടരും നിലകൊള്ളുന്നത്. രണ്ട് കൂട്ടർക്കും ഒരേ വർഗ നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കർഷകത്തൊഴിലാളികൾക്ക് പെൻഷൻ കൊടുക്കാൻ തീരുമാനിച്ചപ്പോൾ അത് ഉല്പാദനക്ഷമമല്ലെന്ന നിലപാടാണ് കെ കരുണാകരൻ സ്വീകരിച്ചത്. അവർക്ക് പാവങ്ങളോട് പരിഹാസമാണ്. കോർപ്പറേറ്റുകൾക്കും ഭൂപ്രമാണികമാർക്കും സാമ്രാജ്യത്വ ഫിനാൻസ് മൂലധനത്തിനും വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്. അതിന്റെ മറ്റൊരു ഭാഗമാണ് ബിജെപി. അതിനെതിരെ പൊരുതുന്നവരാണ് ഇടതുപക്ഷ ജനാധിപത്യശക്തികൾ. വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ നെഹ്രുവിസത്തെപ്പറ്റി പഠിക്കുയോ അതിനെ പിൻപറ്റുകയോ ചെയ്യുന്നില്ല. എന്നിട്ടാണ് ഇടതുപക്ഷമാണെന്ന് വാചകമടിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളികൾ നടത്തിയ ദേശീയ പണിമുടക്കിനെ പരിഹസിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് അപഹാസ്യമാണ്. ലോകം കണ്ട വലിയ ജനകീയ മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത് . മുപ്പത് കോടിയോളം തൊഴിലാളികളും കർഷകത്തൊഴിലാളികളും കർഷകരും ഇതിൽ അണിനിരന്നു. പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പണിമുടക്കിന് പിന്തുണ അറിയിച്ച് ജനകീയ പ്രതിരോധം തീർത്തു. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും മുതിർന്ന നേതാവ് മല്ലികാർജുന ഗാർഗെയും ശക്തമായ പ്രതിഷേധമുയർത്തി. രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ സമരത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചു. ഇൗ സമരം ശക്തമായി തുടരണം എന്നാണ് അദ്ദേഹം ആവശ്യപ്പട്ടത്. എന്നാൽ വി ഡി സതീശൻ പണിമുടക്കിനെ തള്ളിപ്പറയുകയാണ് ചെയ്‌തത്. സമരത്തെ അപഹസിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ബിജെപിക്കും സംഘ് പരിവാറിനുമൊപ്പമാണ് സതീശനെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

