Site iconSite icon Janayugom Online

വി ഡി സതീശൻ കോൺഗ്രസിനെ നശിപ്പിക്കുന്നു; വിമർശനവുമായി വെള്ളാപ്പള്ളി നടേശന്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെപിസിസി പ്രസിഡന്റ് എന്തുപറയുന്നോ അതിനെതിരെ അദ്ദേഹം അടുത്ത ദിവസം പറഞ്ഞിരിക്കും. പരസ്പരം തിരിഞ്ഞു നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിനകത്ത് നടക്കുന്നത്. പിന്നെ എങ്ങനെ കോണ്‍ഗ്രസ് നന്നാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

കോൺഗ്രസ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറി . കോണ്‍ഗ്രസിനെ പറ്റി ഒന്നും പറയാനില്ലെന്നും ചത്ത കുതിരയെ പറ്റി എന്തിനാണ് പറയുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. അഞ്ച് പേരാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ നില്‍ക്കുന്നത്. തന്നെ ഒതുക്കാനും ജയിലില്‍ ആക്കാനും നടന്നത് കോണ്‍ഗ്രസാണ്. സാമൂഹ്യനീതിയെ കുറിച്ച് പറഞ്ഞപ്പോള്‍ ജയിലില്‍ ആക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു. അതുകൊണ്ട് കൂടുതല്‍ ഒന്നും കോണ്‍ഗ്രസിനെ കുറിച്ച് തനിക്ക് പറയാനില്ല . അടുത്ത തവണയും എല്‍ഡിഎഫ് തന്നെ ഭരണത്തില്‍ വരുമെന്ന് പൂര്‍ണമായും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

 

പാലക്കാട് ത്രികോണ മത്സരത്തിന്റെ ശക്തിയില്‍ പ്രയോജനം കിട്ടുന്നത് ഇടതുപക്ഷത്തിന് ആയിരിക്കും. പാലക്കാട് ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണ്. സരിനെ ആദ്യമായാണ് കാണുന്നതെന്നും സ്ഥാനാര്‍ത്ഥി മിടുക്കനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ പ്രചാരണത്തിനായല്ല വെള്ളാപ്പള്ളിയെ കാണാന്‍ വന്നതെന്ന് സരിന്‍ പ്രതികരിച്ചു. വെള്ളാപ്പള്ളിയെ കണ്ട് ഇന്നത്തെ ദിവസം തുടങ്ങണം അതിന് ശേഷം വയലാറില്‍ പുഷ്പാര്‍ച്ചനയും നടത്തണം. പി സരിന്‍ പറഞ്ഞു. വെള്ളാപ്പള്ളി പറയുന്ന വാക്കുകള്‍ കേള്‍ക്കണം എന്ന് കരുതി. നല്ല മാറ്റത്തിന് വേണ്ടി കാത്തിരിക്കുന്ന മനുഷ്യനാണെന്നാണ് സംസാരത്തില്‍ തോന്നിയെന്നു സരിന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version