പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശൈലി മാറ്റേണ്ടതില്ലെന്നും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മൂലക്കിരുത്തി കോൺഗ്രസിനെ നയിക്കുന്ന സതീശന്റെ ശൈലി മാറ്റണമെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരന്റെ പേര് ഡിസിസി നിർദ്ദേശിച്ചിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
കത്ത് പുറത്ത് വന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. ഒരു നേതാവ് വിചാരിച്ചാൽ മാത്രം കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനാകില്ല. പാർട്ടിക്കുള്ളിൽ ആർക്കെങ്കിലും മുഖ്യമന്ത്രി മോഹമുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റെന്നും തനിക്ക് മുഖ്യമന്ത്രിയാകാൻ മോഹമില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു. ഗാന്ധികുടുംബത്തെ അധിക്ഷേപിക്കാൻ ഫാക്ടറി നടത്തുകയാണ് ബിജെപിയെന്ന് കെ സി വേണുഗോപാൽ വിമര്‍ശിച്ചു. എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയെ സംരക്ഷിക്കുന്നത് സിപിഐ(എം) ആണെന്ന് വ്യക്തമാണ്. പെട്രോൾ പമ്പ് അനുവദിച്ചതിലെ ബിനാമി ഇടപാട് കേന്ദ്ര സർക്കാർ അന്വേഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.