രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് നിന്നും രാജിവെക്കുമെന്ന സൂചന നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും ആരോപണം ഗൗരവമായി അന്വേഷിക്കുമെന്നും സതീശന്‍ പറഞ്ഞു. ഇതിന്റെ ആദ്യഘട്ടമായാണ് രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. രാജിവെച്ചതായാലും വെപ്പിച്ചതായാലും ഫലം ഒന്നാണെന്നും സതീശന്‍ പറഞ്ഞു. എന്നാൽ രാജിവെക്കുന്ന കാര്യം ആലോചനയിൽ പോലും ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
മാധ്യമങ്ങളെ നേരില്‍ കണ്ട് നിലപാട് വ്യക്തമാക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ പത്തനംതിട്ടയിലെ വീട്ടിലാണ് രാഹുലുള്ളത്. വീട്ടില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ടിട്ടില്ല. നടി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു ഇവർ പറഞ്ഞത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക തുറന്നുകാട്ടിയ വ്യക്തി രാഹുല്‍ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി.

