Site iconSite icon Janayugom Online

വേദാന്ത‑മോഡി കൂട്ടുകച്ചവടം; ബിജെപി നേടിയത് കോടികള്‍

modimodi

രാജ്യത്തെ ഖനന നിയമം കാറ്റില്‍പ്പറത്തി പ്രകൃതി വിഭവം കൊള്ളയടിക്കാന്‍ ആഗോള കുത്തക കമ്പനിയായ വേദാന്ത ഗ്രൂപ്പിന് മോഡി സര്‍ക്കാരിന്റെ വഴിവിട്ടസഹായം. കോവിഡ് മഹാമാരിയുടെ കാലത്ത് പരിസ്ഥിതി നിയമം അപ്രസക്തമാക്കിയുള്ള ഖനനത്തിന് വേദാന്തയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കുടപിടിച്ചതായി ദി ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) റിപ്പോര്‍ട്ട് .
കഴിഞ്ഞ ദിവസം അഡാനി വിഷയത്തില്‍ രാജ്യത്തെ ഞെട്ടിച്ച വിവരം പുറത്ത് വിട്ട ഒസിസിആര്‍പിയുടെ പുതിയ റിപ്പോര്‍ട്ടിലാണ് മോഡി സര്‍ക്കാരിന്റെ ഒത്താശയോടെ വേദാന്ത കമ്പനി നിയമവിരുദ്ധമായി ഖനനം നടത്തിയ വിവരമുള്ളത്. പരിസ്ഥിതി നിയമത്തെ പാടെ ലംഘിക്കുന്ന തരത്തിലുള്ള ഖനന നടപടി സംബന്ധിച്ച് പൊതുജനാഭിപ്രായം തേടാതെയാണ് മോഡി സര്‍ക്കാര്‍ വേദാന്തയ്ക്ക് അനുമതി നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

2021ല്‍ വേദാന്ത റിസോഴ്സസ് ലിമിറ്റഡ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ അന്നത്തെ പരിസ്ഥിതി മന്ത്രിയായിരുന്ന പ്രകാശ് ജാവഡേക്കറിന് അയച്ച കത്തില്‍ നിന്നാണ് ഖനന അഴിമതി ആരംഭിക്കുന്നത്. കോവിഡ് തളര്‍ത്തിയ സാമ്പത്തിക രംഗത്തെ ഉയര്‍ത്തുന്നതിനായി പരിസ്ഥിതി നിയമത്തില്‍ വെള്ളംചേര്‍ത്ത് 50 ശതമാനത്തിലധികം ഖനനം നടത്താന്‍ അനുവദിക്കണമെന്ന വേദാന്തയുടെ ആവശ്യം കേന്ദ്രം സമ്മതിക്കുകയായിരുന്നു.
സര്‍ക്കാരിന് കൂടുതല്‍ വരുമാനം, കൂടുതല്‍ തൊഴിലവസരം എന്നിവ ലഭിക്കുമെന്ന് വേദാന്തയുടെ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് വകുപ്പ് മന്ത്രി വേഗത്തില്‍ അനുമതി നല്‍കിയതോടെ കമ്പനി ഖനന നടപടികളിലേക്ക് കടന്നു. നിയമംലംഘിച്ചുള്ള അനുമതിക്ക് പകരം, മോഡി ഭക്തനെന്ന് സ്വയം വിശേഷിപ്പിക്കുന്ന അനില്‍ അഗര്‍വാളിന്റെ കമ്പനി 2016നും 2020നും ഇടയില്‍ ബിജെപി അക്കൗണ്ടിലേക്ക് 6.16 കോടി രൂപ സംഭാവന നല്‍കിയെന്നും ഒസിസിആര്‍പി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ 

പ്രധാനമന്ത്രിയുടെ ഓഫിസോ പ്രകാശ് ജാവഡേക്കറോ ഇതുവരെ തയ്യാറായിട്ടില്ല.
ബിജെപിയും കോണ്‍ഗ്രസും 2014ല്‍ വേദാന്ത കമ്പനിയില്‍ നിന്ന് വിദേശ സംഭാവന സ്വീകരിച്ച വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി പരിഗണിച്ച ഹര്‍ജിയില്‍ ഇരുപാര്‍ട്ടികളും വിദേശ നാണയ വിനിമയ നിയമം ലംഘിച്ചുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. അഡാനി കമ്പനി മൗറീഷ്യസില്‍ കടലാസ് കമ്പനി സ്ഥാപിച്ച് കോടികളുടെ വിദേശ നിക്ഷേപം സ്വീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം ഒസിസിആര്‍പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനാനുവാദത്തോടെയാണ് അഡാനി കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Eng­lish Sum­ma­ry: Vedan­ta-Modi joint ven­ture; BJP won crores

You may also like this video

Exit mobile version