Site iconSite icon Janayugom Online

വേദാന്ത ഗ്രൂപ്പിനും അടിപതറുന്നു: കടത്തില്‍ കെട്ടിപ്പൊക്കിയ മറ്റൊരു വ്യവസായ സാമ്രാജ്യം

അഡാനി ഗ്രൂപ്പിന് പിന്നാലെ ഓഹരിവിപണിയില്‍ അടിപതറി മറ്റൊരു വമ്പന്‍ കമ്പനിയും. ഇന്നലെ മാത്രം വേദാന്ത ലിമിറ്റഡിന്റെ ഓഹരികള്‍ക്ക് ഏകദേശം ഒമ്പതു ശതമാനം ഇടിവുണ്ടായി. വേദാന്ത ഓഹരികള്‍ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 262 രൂപയിലെത്തി.
കഴിഞ്ഞ എട്ട് ട്രേഡിങ് സെഷനുകളിലായി 15 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരുംആഴ്ചകളില്‍ ആരംഭിക്കാനിരിക്കുന്ന 200 കോടി ഡോളര്‍ ധനസമാഹരണം പരാജയപ്പെട്ടാല്‍ കമ്പനിയുടെ ക്രെഡിറ്റ് റേറ്റിങ് പ്രതിസന്ധിയിലാകുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ വിലയിരുത്തുന്നു.
പൊതുമേഖലാ കമ്പനികളുടെ വില്പനയില്‍ നിന്നും ഏറ്റവും ലാഭം നേടിയെടുത്ത ഇന്ത്യന്‍ വ്യവസായികളിലൊരാളായ അനിൽ അഗര്‍വാളിന്റെ അതിവേഗത്തിലുള്ള വളര്‍ച്ചയാണിപ്പോള്‍ പതനത്തിലേക്ക് മാറിയിരിക്കുന്നത്. ആക്രിക്കച്ചവടത്തില്‍ നിന്നുമാണ് അനിൽ അഗർവാള്‍ വന്‍ വ്യവസായ സാമ്രാജ്യത്തിന് ഉടമയായി മാറിയത്. 2003ലാണ് അനിൽ അഗർവാൾ വേദാന്ത റിസോഴ്സസ് സ്ഥാപിക്കുന്നത്.

500 ദശലക്ഷം ഡോളറിന്റെ വായ്പകള്‍ ഈ വര്‍ഷത്തോടെയും ഒരു ബില്യണ്‍ ഡോളറിന്റെ ബോണ്ടുകള്‍ അടുത്തവര്‍ഷത്തോടെയും വേദാന്ത റിസോഴ്സസ് തിരിച്ചടയ്ക്കേണ്ടതായി വരും. വേദാന്ത റിസോഴ്സസിന് എട്ട് ബില്യണ്‍ ഡോളറിന്റെയും വേദാന്ത ഗ്രൂപ്പിന് ഏഴ് ബില്യണ്‍ ഡോളറിന്റെയും കടബാധ്യതകളുണ്ട്.
ഹിന്ദുസ്ഥാൻ സിങ്കിന്റെ പണം ഉപയോഗിച്ച് കമ്പനിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചില്ല. ദക്ഷിണാഫ്രിക്കയിലെയും നമീബിയയിലെും ഖനികള്‍ ഹിന്ദുസ്ഥാന്‍ സിങ്കിന് കൈമാറാനായിരുന്നു നീക്കം. ഇതിലൂടെ മൂന്ന് ബില്യണ്‍ ഡോളര്‍ കണ്ടെത്താനായിരുന്നു കമ്പനിയുടെ ശ്രമം. 29.54 ശതമാനം ഓഹരിയുള്ള കേന്ദ്രസര്‍ക്കാര്‍ വേദാന്ത ഗ്രൂപ്പിന്റെ പദ്ധതി അംഗീകരിച്ചില്ല. ഇതോടെ കമ്പനി കൂടുതല്‍ പ്രതിസന്ധിയിലായി. ഹിന്ദുസ്ഥാന്‍ സിങ്കില്‍ 62 ശതമാനം ഓഹരിയാണ് വേദാന്തയ്ക്കുള്ളത്. കടക്കെണിയുടെ വാർത്തകൾ പുറത്തുവന്നതോടെ വേദാന്ത റിസോഴ്സസ് ബോണ്ടുകളുടെ റേറ്റിങ് കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

Eng­lish Sam­mury: Vedan­ta Resources Limited​ Sen­sex doewn

 

Exit mobile version