വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഹോട്ടൽ ഉടമയെ വെടിവെച്ചു കൊന്നു. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കടയുടമയായ വിജയ് നാഗ് ആണ് കൊല്ലപ്പെട്ടത്. ഉപഭോക്താവ് വെജ് ബിരിയാണിയാണ് പാർസലായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വീട്ടിലെത്തി തുറന്നപ്പോൾ ചിക്കൻ ബിരിയാണിയാണെന്ന് മനസ്സിലായി. തുടർന്ന് ഇയാൾ ഹോട്ടലുടമ വിജയ്‌നാഗിനെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
രാത്രി 11.30ഓടെ വിജയ്‌നാഗ് ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഉപഭോക്താവും രണ്ട് സുഹൃത്തുക്കളും അവിടേക്കെത്തി. ഇവർ തമ്മിൽ രൂക്ഷമായ വാഗ്വാദവും ഉന്തും തള്ളുമുണ്ടായതായി ദൃക്‌സാക്ഷികൾ പറയുന്നു. ഇതിനിടെ ഉപഭോക്താവ് തോക്കെടുത്ത് വിജയ്‌നാഗിന്റെ നെഞ്ചിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി റാഞ്ചി പോലീസ് അറിയിച്ചു.

