പച്ചക്കറിവില നിയന്ത്രിക്കുന്നതിനായി കൃഷിവകുപ്പിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി തെങ്കാശിയിൽ നിന്നും പച്ചക്കറി ഹോർട്ടികോർപ് മുഖേന ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് എത്തിക്കും. ഇന്നലെ നടന്ന ഉദ്യോഗസ്ഥതല ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയായതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. കേരളത്തിലെയും തെങ്കാശിയിലെയും ഉന്നതതല ഉദ്യോഗസ്ഥർ തെങ്കാശി കൃഷി ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ നടത്തിയ ചർച്ചയിലാണ് ആറ് കാർഷികോല്പാദക സംഘങ്ങളിൽ നിന്നും പച്ചക്കറി ശേഖരിക്കുന്നതിന് തീരുമാനമായത്. ഡിസംബർ എട്ടിന് ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പ് വയ്ക്കും.
തമിഴ്‌നാട് കൃഷിവകുപ്പ് നിശ്ചയിക്കുന്ന പ്രതിദിന മാർക്കറ്റ് വില അനുസരിച്ചായിരിക്കും ഉല്പാദക സംഘങ്ങൾ ഹോർട്ടികോർപിന് കൈമാറുന്നത്. കർഷകരിൽ നിന്നും ശേഖരിക്കുന്ന ഉല്പന്നങ്ങൾ പ്രത്യേകം ഗ്രേഡിങ്ങും പാക്കിങ്ങും നടത്തിയായിരിക്കും കൈമാറുക. സവാള, ചെറിയ ഉള്ളി, നാരങ്ങ, ശീതകാല പച്ചക്കറികൾ, വെണ്ടയ്ക്ക, അമരയ്ക്ക, വെള്ളരി, പയർവർഗങ്ങൾ, പഴവർഗങ്ങൾ തുടങ്ങിയവ ലഭ്യമാണെന്ന് തെങ്കാശിയിലെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഹോർട്ടികോർപ് എംഡി ജെ സജീവിന്റെ നേതൃത്വത്തിൽ കൃഷി അഡീഷണൽ ഡയറക്ടർ ശിവരാമകൃഷ്ണൻ, ഹോർട്ടികോർപ്പ് റീജിയണൽ മാനേജർ പ്രദീപ്, തെങ്കാശിയിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മാർക്കറ്റിങ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഹോർട്ടികൾച്ചർ, ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പുകൾ, ആറ് കർഷക ഉല്പാദന സംഘങ്ങളുടെ സിഇഒമാർ, കർഷക പ്രതിനിധികൾ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയർന്ന സാഹചര്യത്തില്‍ കൃഷി മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ഇതരസംസ്ഥാനങ്ങളിലെ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് പ്രതിനിധികളുമായും മാർക്കറ്റിങ് ഉദ്യോഗസ്ഥരുമായും നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഇന്നലെ തെങ്കാശിയില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തിയത്.
english summary;vegetables will arrive from Tenkashi
you may also like this video;