Site iconSite icon Janayugom Online

മൂന്നാറിൽ വസന്തമൊരുക്കി ‘വെള്ളക്കുറിഞ്ഞി’ 16-ാം വർഷത്തിൽ പൂവിട്ട അപൂർവ ഇനം

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂവിടുന്നതെങ്കിലും വര്‍ഷങ്ങളോളം മടിച്ചു നിന്ന ഒരിനം കുറിഞ്ഞി 16-ാം വര്‍ഷത്തില്‍ പൂവിട്ടു. മൂന്നാറില്‍ രാജമലയ്ക്കടുത്തും മാങ്കുളം മലനിരകളിലുമാണ് സസ്യശാസ്ത്രലോകത്തിന് വിസ്മയമൊരുക്കി ഈ കുറിഞ്ഞിപ്പൂവ് രണ്ടാഴ്ച മുമ്പ് വിരിഞ്ഞത്. നീലയ്ക്കു പകരം നിറം തൂവെള്ളയാണെന്ന വ്യത്യാസമൊഴിച്ചാല്‍ മറ്റ് പ്രത്യേകതകളെല്ലാം നീലക്കുറിഞ്ഞിയുടേതു തന്നെ.
മലനിരകളില്‍ നീലവസന്തമൊരുക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രനാമം സ്ട്രോബിലാന്തസ് കുന്തിയാന എന്നാണെങ്കില്‍ വെള്ളവസന്തം വിരിച്ച് പൂവിട്ട പതിനാറാം വര്‍ഷക്കാരന്റെ ശാസ്ത്രനാമം സ്ട്രോബിലാന്തസ് മൈക്രോസ്റ്റാക്കിയ എന്നാണ്. കുറിഞ്ഞികളില്‍ നൂറോളം വകഭേദങ്ങള്‍ ശാസ്ത്രലോകം ഇതിനകം തിരിച്ചറിഞ്ഞിട്ടുള്ളതിനാല്‍ വെള്ളപ്പൂവ് വിരിഞ്ഞ കുറിഞ്ഞിയെയും സശ്രദ്ധം നിരീക്ഷിക്കുകയാണ് ശാസ്ത്രജ്ഞര്‍.

കാറ്റ് നന്നായി വീശുന്ന മലനിരകളില്‍ നീലക്കുറിഞ്ഞി ഒരു മീറ്റര്‍ മാത്രം ഉയരത്തിലേ വളരാറുള്ളൂ എങ്കിലും മൂന്നാറില്‍ ഇപ്പോള്‍ പൂവിട്ട മൈക്രോസ്റ്റാക്കിയ എന്നയിനം രണ്ടാള്‍പ്പൊക്കത്തില്‍ വളരും, 2008ല്‍ പൂവിട്ട ശേഷം കരിഞ്ഞുണങ്ങിയ ഈ കുറിഞ്ഞിച്ചെടികള്‍ വിത്തില്‍ നിന്ന് മുളയിട്ട ശേഷം 16-ാം വര്‍ഷത്തിലാണ് ഇപ്പോള്‍ പൂവണിഞ്ഞത്. നിറവ്യത്യാസം മാറ്റി നിര്‍ത്തിയാല്‍ കായും വിത്തും പരാഗണവുമെല്ലാം നീലക്കുറിഞ്ഞിക്കു സമം തന്നെ. എന്നാൽ ഇലകളും തണ്ടുമെല്ലാം വ്യത്യാസമുണ്ട്‌. ഈ ചെടികള്‍ ഇനി പൂവിടുന്നതു കാണാന്‍ 2040 വരെ കാത്തിരിക്കണം.

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വസന്തം വിടര്‍ത്തുന്ന നീലക്കുറിഞ്ഞിയെക്കുറിച്ചാണ് ഏറെ കേട്ടിട്ടുള്ളതെങ്കിലും എട്ടുവര്‍ഷം കൂടുമ്പോള്‍ പൂവിടരുന്ന നീലക്കുറിഞ്ഞി ഇനങ്ങളും ഇടുക്കിയിലെ മലനിരകളിലുണ്ട്. കട്ടപ്പനയ്ക്കടുത്ത് കല്യാണത്തണ്ടിലും പരുന്തുംപാറയിലും മംഗളാദേവി മലയിലും കാല്‍വരി മൗണ്ടിലും ശാന്തമ്പാറയിലുമെല്ലാം സ്ട്രോബിലാന്തസ്‘സിസിലെസ്’ എന്ന ഈ കുറിഞ്ഞി ഇനം അടുത്തിടെ പൂവിട്ടത് കാണാന്‍ ഏറെ സഞ്ചാരികള്‍ എത്തിയിരുന്നു.

ഒറിജിനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന നീലക്കുറിഞ്ഞി സമുദ്ര നിരപ്പില്‍ നിന്ന് 6000 അടിക്കുമേല്‍ ഉയരത്തിലുള്ള മലനിരകളിലാണ് വളരുന്നതെങ്കില്‍ ‘സിസിലെസ്’ എന്ന എട്ടാം വര്‍ഷക്കാരന്‍ ഉയരം കുറഞ്ഞ മലനിരകളിലും വളരും. നിറം മാത്രമല്ല, ഗുണഗണങ്ങളെല്ലാം 12 വര്‍ഷത്തില്‍ പൂവിടുന്ന നീലക്കുറിഞ്ഞി പോലെ തന്നെ. പൂവിലും തണ്ടിലുമൊക്കെ ചെറിയ വ്യത്യാസമുണ്ടെങ്കിലും പെട്ടെന്ന് തിരിച്ചറിയാനാവില്ല.

ഷോലക്കാടുകളോടു ചേര്‍ന്ന പുല്‍മേടുകളിലാണ് സാധാരണ നീലക്കുറിഞ്ഞി വളരുന്നത്. എന്നാല്‍ 16-ാം വര്‍ഷത്തില്‍ പൂവിട്ട കുറിഞ്ഞി നിത്യഹരിത വനങ്ങളിലെ അടിക്കാടുകള്‍ പോലെ വളരും. അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും മരനിഴലും അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന ഈര്‍പ്പവുമാണ് ഇവയ്ക്കു വേണ്ടത്. മൂന്നാര്‍ മലനിരകളിലെ നീലവസന്തം കാണാന്‍ ഇനി ആറുവര്‍ഷം കൂടി കാത്തിരിക്കണമെങ്കിലും മാട്ടുപ്പെട്ടി, ചൊക്രമുടി പോലെ ചില മലനിരകളില്‍ അതിനു മുമ്പേ നീലക്കുറിഞ്ഞി പൂക്കും.

Exit mobile version