കാത്തിരിക്കുന്നവർക്കു മുൻപിൽ
ആഘോഷപൂർവം പ്രത്യക്ഷപ്പെട്ട്
ഒന്നുകുളിർപ്പിച്ച്
താപംശേഷിപ്പിച്ച്
ഒരൊറ്റമടക്കം
വേനൽ മഴ
പ്രവാസിയെപ്പോലെ.
നീർവറ്റിയ മണ്ണിലേയ്ക്ക്
തുള്ളിതുള്ളി തുടങ്ങി
പിന്നെയങ്ങ്
പിടിവിട്ട് പെയ്യും.
അപ്പോഴൊക്കെ
മഴ കൊണ്ടുവന്നതോ
മണ്ണിൽ ഉണ്ടായിരുന്നതോ
എന്നു തിരിച്ചറിയാനാവാത്ത
ഒരപൂർവഗന്ധം
ചുറ്റും പരക്കും.
ദാഹംപെരുത്ത മണ്ണ്
കുടിച്ചുകുടിച്ച്
സംഭരണികളിലെത്താതെ
ഏറെയും പെയ്തതൊടുങ്ങും.
ചിലപ്പോൾ അവിടവിടെ
ചില നാമ്പുകൾ മുളച്ചെന്നിരിക്കും
പെട്ടെന്നുള്ള വന്നുപോക്കിൽ
എപ്പോഴും
വേനൽ മഴയ്ക്കു ശേഷം
താപം കൂടും
മണ്ണിനും പെണ്ണിനും.