Site iconSite icon Janayugom Online

തിരുപ്പതി ലഡു വിവാദം കത്തിക്കാന്‍ വിഎച്ച്പി; ക്ഷേത്ര ഭരണം കൈക്കലാക്കുക അജണ്ട

ladduladdu

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തുവെന്ന വിവാദം മുതലെടുക്കാന്‍ തീവ്രഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ക്ഷേത്രങ്ങളെയും മോചിപ്പിക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാന്‍ വിഎച്ച്പി ഉന്നതധികാര സമിതി ഇന്ന് യോഗം ചേരും. ലഡു വിവാദം അരങ്ങേറിയ തിരുപ്പതി നഗരത്തിലാണ് കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡല്‍ യോഗം നടക്കുക.

രാജ്യത്തെ സമ്പന്നമായ ക്ഷേത്രങ്ങളുടെ അവകാശം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഎച്ച്പിയുടെ നീക്കങ്ങളെന്നാണ് വിലയിരുത്തല്‍. വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡു തയ്യാറാക്കാന്‍ നെയ്യില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ആന്ധ്ര, കര്‍ണാടക, തമിഴ‌്നാട്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്യാസിമാരും മതപണ്ഡിതരും യോഗത്തില്‍ പങ്കെടുക്കുമെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. ദേശീയ സെക്രട്ടറി ജനറല്‍ ബജ്റംഗ് ബഗ്ഡയുടെ നേതൃത്വത്തിലാകും യോഗം ചേരുക. തിരുപ്പതി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ടയെന്ന് ബജ്റംഗ് ബഗ്ഡ പറഞ്ഞു.

രാജ്യത്ത് ഏതാണ്ട് നാല് ലക്ഷത്തോളം ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടന്നുവരുന്നുണ്ട്. ഇതില്‍ ശതകോടികളുടെ സമ്പത്തുള്ള ക്ഷേത്രങ്ങളും ഉള്‍പ്പെടുന്നു. ക്ഷേത്രഭരണം ഹിന്ദു സമൂഹത്തിന് വിട്ടുനല്‍കാനുള്ള തീരുമാനം സംബന്ധിച്ച് ഇന്നത്തെ യോഗം പ്രമേയം പാസാക്കുകയും കേന്ദ്ര സര്‍ക്കാരിന് കൈമാറുകയും ചെയ്യും. തിരുപ്പതി ക്ഷേത്രത്തിന്റെ അവകാശം ഹിന്ദുക്കള്‍ക്ക് അടിയന്തരമായി കൈമാറണമെന്ന ആവശ്യം ശക്തമാക്കാനും വിഎച്ച്പി തീരുമാനമെടുത്തിട്ടുണ്ട്.

അതിനിടെ തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ആരോപണങ്ങള്‍ നെയ്യ് വിതരണം ചെയ്ത കമ്പനി നിഷേധിച്ചു. മത്സ്യഎണ്ണയ്ക്ക് നെയ്യിനെക്കാള്‍ വില കൂടുതലാണെന്ന് കമ്പനി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കമ്പനിയില്‍ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഓഫിസറുണ്ട്. എന്തെങ്കിലും മായം കലർന്നിട്ടുണ്ടെങ്കില്‍ പെട്ടെന്നുതന്നെ അത് കണ്ടെത്താൻ കഴിയുമെന്നും കമ്പനി അറിയിച്ചു.

Exit mobile version