Site iconSite icon Janayugom Online

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി : ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം നാളെ

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനായി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം നാളെ ചേരും.ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്താണ് യോഗം .ജൂലൈ 21ന് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചിരുന്നു. ഇതിന് പീന്നാലെയാണ് പുതിയ ഉപരാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും , കേന്ദ്രമന്ത്രിമാരുമായ അമിത്ഷാ, രാജ്നാഥ് സിങ്, മറ്റ് പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ കുറിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപിയിലെ നേതാവിനെ തന്നെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചേക്കുമെന്നാണ് സൂചന.ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ തുടങ്ങിയവരുമായി പ്രധാനമന്ത്രി യോഗത്തിനിടെ സംസാരിച്ചേക്കും. നാമനിർദേശപത്രിക നൽകാൻ എല്ലാ എൻഡിഎ മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും വ്യാഴാഴ്ച ഡൽഹിയിലെത്താൻ ബിജെപി നിർദേശിച്ചിട്ടുണ്ട്. അതേസമയം ഇൻഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചയ്ക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.അപ്രതീക്ഷിതമായിട്ടായിരുന്നു ധൻകറിന്റെ രാജി. രാവിലെ രാജ്യസഭ നിയന്ത്രിച്ചും പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തും കർമനിരതനായിരുന്ന ധന്‍കര്‍ അന്ന് വൈകീട്ട് രാജി പ്രഖ്യാപനം നടത്തുകയായിരുന്നു.

Exit mobile version