മുസ്ലിങ്ങളെ അധിക്ഷേപിക്കുന്ന എഐ വീഡിയോ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി അസം ബിജെപി ഘടകത്തിന് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് നോട്ടീസയച്ചത്.
ബിജെപി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ മുസ്ലിം വിഭാഗം അസം സംസ്ഥാനം ഏറ്റെടുക്കുമെന്ന വ്യാജവും അധിക്ഷേപവുമായ ദൃശ്യാവിഷ്കാരമാണ് വീഡിയോയിലുള്ളത്. വര്‍ഗീയവിഷം ചീറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഹര്‍ജിക്കാരനായ ഖുര്‍ബാന്‍ അലിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷക അഞ്ജന പ്രകാശ്, നിസാം പാഷ എന്നിവരാണ് ഹാജരായത്.
വീഡിയോ സന്ദേശത്തിലെ അപകടം ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു. മുസ്ലിങ്ങള്‍ ഒരു സംസ്ഥാനത്തിന്റെ അധികാരം ഏറ്റെടുക്കുന്നത് ഏറ്റവും മോശം അവസ്ഥയാണെന്നാണ് വീഡിയോ കാണിക്കുന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്നമായ ലംഘനമാണിത്. തെരഞ്ഞെടുപ്പ് സമയത്ത് ശത്രുത വളര്‍ത്തുന്നതും ഈ നിയമം വിലക്കുന്നു. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ വീഡിയോയ്ക്കെതിരെ നടപടിയെടുത്തില്ല.
വീഡിയോയില്‍ നിസ്കാര തൊപ്പിയും താടിയും വച്ചവരെയാണ് കാണിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 27ന് കേസ് വീണ്ടും പരിഗണിക്കും.
മുസ്ലിങ്ങളെ അധിക്ഷേപിക്കുന്ന വീഡിയോ പിന്‍വലിക്കണം: സുപ്രീം കോടതി

