ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ ജെ ഹാരിസ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലൻസിന്റെ പിടിയിലായി.
മാരാരിക്കുളം സ്വദേശിയായ പരാതിക്കാരൻ അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് പുതുതായി നിർമ്മിച്ച ഹോംസ്റ്റേയുടെ അനുമതിക്കായി ഈ വർഷം ജനുവരിയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതുവരെ അപേക്ഷയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയാൽ മാത്രമേ അനുമതി ലഭിക്കുകയുള്ളു എന്നറിയാന്‍ കഴിഞ്ഞു.
പരാതിക്കാരൻ കഴിഞ്ഞ ദിവസം ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസറായ കെ ജെ ഹാരിസിനെ ഓഫീസിൽ ചെന്ന് കണ്ട് വിവരം അന്വേഷിച്ചപ്പോൾ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകണമെങ്കിൽ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ കൈവശം മുന്നൂറ് രൂപ മാത്രമേയുള്ളൂവെന്ന് പറഞ്ഞപ്പോൾ 5,000 രൂപയുമായി വരാൻ അറിയിച്ചു. പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് ഡി വൈ എസ് പി ഗിരീഷ് പി സാരഥിയെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസിൽ വച്ച് പരാതിക്കാരൻ നിന്നും ആദ്യഗഡുവായി 2,000 രൂപ കൈക്കൂലി വാങ്ങവെ പ്രതിയെ കയ്യോടെ പിടികൂടുകയുമായിരുന്നു.
പരാതി ലഭിച്ചതിനെത്തുടർന്ന് മറ്റൊരു ഹോംസ്റ്റേ തുടങ്ങണമെന്ന പേരിൽ രഹസ്യാന്വേഷണത്തിന്റെ ഭാഗമായി വേഷം മാറി ഹാരിസിനെ സമീപിച്ച വിജിലൻസ് ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരോടും ഹോംസ്റ്റേ അനുവധിക്കണമെങ്കിൽ 2,000 രൂപ കൈക്കൂലി ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
English Summary: Vigilance arrests District Tourism Information Officer while accepting bribe
You may also like this video