Site iconSite icon Janayugom Online

ക്യാപ്റ്റന് വിട; വിജയകാന്ത് അന്തരിച്ചു

തമിഴ് നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത്(71) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ താരം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ചെന്നൈ ഗിണ്ടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് നവംബര്‍ 18‑ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട അദ്ദേഹം ഒരാഴ്ച മുമ്പ് ചെന്നൈയില്‍ നടന്ന ഡിഎംഡികെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വിജയകാന്ത് പങ്കെടുത്തിരുന്നു.

എണ്‍പതുകളിലെ ആക്ഷന്‍ താരമായിരുന്നു വിജയകാന്ത്. വിജയകാന്തിന്റെ നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകരന്‍ വന്‍ ഹിറ്റായിരുന്നു. വൈദേഹി കാത്തിരുന്താല്‍, ചിന്ന ഗൌണ്ടര്‍, വല്ലരസു, അമ്മന്‍ കോവില്‍ കിഴക്കാലേ,ക്യാപ്റ്റന്‍ പ്രഭാകരന്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. 1980 കളില്‍ തമിഴ് ചലച്ചിത്രരംഗത്ത് കമലഹാസന്‍ , രജനികാന്ത് എന്നിവര്‍ക്ക് ശേഷം ഒരു മുഖ്യധാര നായകനായിരുന്നു അദ്ദേഹം. 

2005ലാണ് വിജയകാന്ത് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. 2006 ലെ തമിഴ്‌നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ പാര്‍ട്ടിക്ക് വിജയം നേടിയത്.

Eng­lish Summary;Vijayakanth passed away
You may also like this video

Exit mobile version