1982ൽ അതായത് 44 വർഷം മുൻപ് വിജി എന്ന് വിളിപ്പേരുള്ള വിജയ ജഗന്നാഥൻ എന്ന പെൺകുട്ടി തമിഴ്‌നാട്ടിൽ നിന്നും ഒറ്റയ്ക്ക് യാത്രചെയ്ത് തൃശ്ശൂരിലെ വാഴച്ചാലിൽ എത്തി. ഈ യാത്ര വിനോദസഞ്ചാരത്തിന്റെ ഭാഗമായിരുന്നില്ല. മറിച്ച് 20 വർഷമായി പുറംലോകം കാണാതിരുന്ന ഒരു ആമയെ തേടിയായിരുന്നു ഇവർ കേരളത്തിലെത്തിയത്. ചൂരലാമയെന്ന (കൊച്ചിൻ ഫോറസ്റ്റ് കെയിൻ ടർട്ടിൽ) വിഭാഗത്തിൽ ഉള്ള ആമവർഗത്തെകുറിച്ച് പഠിക്കാൻ അവർ ത്യാഗോജ്വലമായ ജീവിതമാണ് നയിച്ചത്. അത് പിന്നീട് ഇന്ത്യയുടെ ആദ്യത്തെ വനിത ഹെർപ്പറ്റോളജിസ്റ്റ് എന്ന വിശേഷണം അവര്‍ക്ക് നേടികൊടുത്തു.
ആരായിരുന്നു വിജയ?
*********************
1959ൽ ബംഗളുരുവിലാണ് ഇവർ ജനിച്ചത്. അച്ഛനും അമ്മയും സഹോദരിമാരടങ്ങുന്ന കുടുംബമായിരുന്നു അവരുടേത്. കുട്ടിക്കാലം മുതലേ വിജയക്ക് ഉരഗവർഗങ്ങളോട് പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. അവിടെയാണ് അവർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിതാവിന്റെ ജോലി സ്ഥലംമാറ്റം കാരണം ഹൈസ്കൂളിനായി കോയമ്പത്തൂരിലേക്ക് പോയി. കോയമ്പത്തൂരിലെ സെന്റ് ജോസഫ്‌സ് മെട്രിക്കുലേഷൻ സ്കൂളിൽ രണ്ട് വർഷം പഠിച്ച അവർ, അവസാന സ്കൂൾ വർഷത്തിനായി ചെന്നൈയിലേക്ക് പോയി. ചെന്നൈയിലെ എത്തി രാജ് കോളജ് ഫോർ വിമൻസിൽ സുവോളജി വിദ്യാർത്ഥിനിയായി ഒന്നാം വർഷത്തിൽ പഠിക്കുമ്പോൾ, 1978ൽ മദ്രാസ് സ്നേക്ക് പാർക്കിൽ അവർ സന്നദ്ധസേവനം നടത്തി. റോമുലസ് വിറ്റേക്കറുടെ കീഴിൽ പരിശീലനം നേടിയ അവർ 1981ൽ ബിരുദം നേടിയ ശേഷം അന്ന് മദ്രാസ് സ്നേക്ക് പാർക്ക് എന്നറിയപ്പെട്ടിരുന്ന ചെന്നൈ സ്നേക്ക് പാർക്കിൽ മുഴുവൻ സമയ ജോലി ചെയ്യാൻ തുടങ്ങി.
ഇന്ത്യയുടെ സ്നേക്ക് മാനുമായുള്ള പരിചയം
***************************************
മദ്രാസ് ക്രോക്കഡൈൽ ബാങ്കിന്റെ സ്ഥാപകനും ഇന്ത്യയുടെ സ്നേക്ക് മാൻ എന്നറിയപ്പെടുന്ന റോമുലസ് വിത്ടേക്കർ, സായി വിത്ടേക്കർ, കടലാമകളെ കുറിച്ച് പഠനം നടത്തിയ സതീഷ് ഭാസ്കർ എന്നിവർ ഈ സമയം അവിടെ ഉണ്ടായിരുന്നു. റോമുലസ് വിത്ടേക്കർ പ്രധാനമായും പാമ്പുകളെയും മുതലകളെയും കുറിച്ചായിരുന്നു പഠനം നടത്തിയിരുന്നത്. ആമകളെ പോലുള്ള മറ്റ് ജീവികളെ കുറിച്ചും പഠനം നടത്താൻ ആളുകളെ വിടണമെന്നാഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ആസമയം 28 ശുദ്ധജല വാസികളായ ആമകൾ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ള ആമകളെ കുറിച്ച് പഠിക്കാനുള്ള ചുമതല വിജയക്ക് ലഭിച്ചു. ജോലിക്കൊപ്പം സ്നേക്ക് പാർക്കിലുണ്ടായിരുന്ന മുതലകളെ കുറിച്ചും പഠനം നടത്തി. 1980 കളിൽ മുതലകളുടെ പ്രജനനത്തെ കുറിച്ച് പഠിച്ച് പേപ്പർ അവതരിപ്പിച്ചു. അതിന് ശേഷം അവിടെ തന്നെ പരിപാലിച്ചിരുന്ന വെള്ളാമയെകുറിച്ചും പഠിച്ചു. ജന്തുവർഗത്തോടുള്ള വിജയയുടെ താല്പര്യം കണക്കിലെടുത്ത് പുറം ലോകം ഇന്നുവരെ കാണാത്ത ആമകളുടെ ജീവിത രഹസ്വം തേടാൻ വിജയക്ക് അവസരം ലഭിച്ചു. ഇവരുടെ പതിനേഴാം വയസിലായിരുന്നു ഇതെല്ലാം. പഠനം കൂടുതൽ വിപുലീകരിക്കാൻ ഇവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിച്ചു. അന്ന് ഇന്ത്യയിൽ 35 ഇനം ആമകളെയാണ് കണ്ടെത്തിരുന്നത്. അതിൽ ശുദ്ധജലത്തിൽ വസിക്കുന്നവയാകട്ടെ 30 ആണ്. അഞ്ചിനങ്ങൾ സമുദ്രത്തിൽ വസിക്കുന്നവയാണ്.
കടലാമകളുടെ സംരക്ഷക
*************************
മത്സ്യങ്ങളെ പോലെ കടലാമകളെ വൻ തോതിൽ വേട്ടയാടി കൊന്ന് ഭക്ഷിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതിനൊരു മാറ്റം കൊണ്ടുവരാൻ വിജയ എടുത്ത പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധനേടി. പഠനത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ ഹൗറ മാർക്കറ്റ് സന്ദർശിക്കാന്‍ പോയ വേളയിൽ വളരെ യാദൃച്ഛികമായി മനസിൽ ഉലയ്ക്കുന്ന ഒരു സംഭവത്തിന് കാഴ്ചക്കാരാകേണ്ടി വന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും പിടികൂടുന്ന കടലാമകളെ ഇറച്ചിക്കായി കൊന്നു വിൽക്കുന്നതായിരുന്നു ആ ദൃശ്യം. വർഷത്തിൽ ഒരുലക്ഷത്തോളം ആമകളെ ഇങ്ങനെ പിടിച്ചുകൊണ്ടുവന്ന് കശാപ്പ് ചെയ്ത് വിൽക്കുകയാണെന്ന് പിന്നീട് അവർ മനസിലാക്കി. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി. കടലിൽ നിന്നും മൊട്ടയിടാനായി വരുന്ന ആമകളെ പിടിച്ച് കൊന്ന് വില്പനടത്തുന്നതായും കണ്ടെത്തി. പശ്ചിമ ബംഗാളിലെ ഡിംഗ എന്ന ബീച്ചിൽ 1980 കളിൽ ആളുകൾ കൂട്ടമായിട്ട് ആമകളെ പിടിച്ച് കൊന്നു തിന്നുന്ന പ്രവണത ഉണ്ടായിരുന്നു. കിലോയ്ക്ക് ആഞ്ച് മുതൽ 18 രൂപവരെയായിരുന്നു ഇതിന് വില. ഈ പ്രവണത അവസാനിപ്പിക്കണമെന്ന നിശ്ചയദാഢ്യം പിന്നീട് രാജ്യത്ത് കടലാമ സംരക്ഷണ നിയമത്തിന് വഴിയൊരുക്കി. 22 വയസുള്ളപ്പോഴായിരുന്നു അത്. തുടർന്ന് ലോക സംരക്ഷണ യൂണിയന്റെ ശുദ്ധജല ചെലോണിയൻ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ അന്നത്തെ ചെയർമാനായിരുന്ന എഡ്വേർഡ് മോളിനെ ഇന്ത്യാ വ്യാപകമായ ആമകളെക്കുറിച്ചുള്ള ഒരു സർവേയ്ക്കായി സഹായിക്കാൻ റോമുലസ് വിറ്റേക്കർ അവരെ ശുപാർശ ചെയ്തു. അവർ രാജ്യമെമ്പാടും സഞ്ചരിച്ച് കടലാമകളുടെ ചൂഷണം കുറയ്ക്കാൻ സഹായിച്ച വിവരങ്ങൾ ശേഖരിച്ചു. ഇവരുടെ പഠന റിപ്പോർട്ടുകളെല്ലാം ഞെട്ടിക്കുന്നതായിരുന്നു. പ്രതിവർഷം 50, 000 മുതൽ 75,000 വരെ ഇന്ത്യൻ ഫ്ലാപ്ഷെല്ലുകളും, 7,000 മുതൽ 8,000 വരെ വലിയ സോഫ്റ്റ്ഷെല്ലുകളും, കുറഞ്ഞത് 10, 000 മുതൽ 15,000 വരെ ഹാർഡ്ഷെൽ ആമകളും കൊൽക്കത്തയിലെ ഹൗറ മാർക്കറ്റിൽ എത്തുന്നുണ്ടെന്നായിരുന്നു പ്രധാന പരാമർശം. ഒലിവ് റിഡ്ലി കടലാമകളെ കൊല്ലുന്നതിനെക്കുറിച്ചുള്ള അവരുടെ ഗവേഷണവും ഫോട്ടോഗ്രാഫിയും നാഷണൽ മാഗസിനിൽ പ്രത്യക്ഷപ്പെടുകയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കടലാമ വ്യാപാരം നിർത്താൻ നടപടികൾ സ്വീകരിക്കാൻ കോസ്റ്റ് ഗാർഡിനോട് ഉത്തരവിടുകയും ചെയ്തു.
ക്രോക്കഡൈൽ ബാങ്കിലെ പരീക്ഷണങ്ങൾ
*****************************************
മദ്രാസിലെ ക്രോക്കഡൈൽ ബാങ്കിൽ ജീവനക്കാരിയായ സമയത്തും വിജയ നിരവധി പരീക്ഷണങ്ങളിലും ഏർപ്പെട്ടിരുന്നു. ഒരു തകര മേൽക്കൂര ഷെഡിനടിയിൽ വിജി ഇന്ത്യൻ ഫ്ലാപ്ഷെൽ കടലാമ മുട്ടകൾ വിരിയിക്കാൻ ശ്രമം നടത്തി ഏകദേശം 300 ദിവസം കഴിഞ്ഞിട്ടും മുട്ടകൾ വിരിഞ്ഞില്ല. ഇടിമുഴക്കം കേട്ടാൽ ആമ മുട്ടകൾ വിരിയുമെന്ന് ഇരുള ഗോത്രക്കാർ വിജയയോട് പറഞ്ഞിരുന്നു. രണ്ടാഴ്ച കഴിഞ്ഞ്, ഒരു മഴക്കാലത്ത് അപ്രതീക്ഷിതമായി മുട്ടകൾ വിരിഞ്ഞു. വിജയയുടെ അവിശ്വസനീയമായ ദിശാബോധം എടുത്തുപറയേണ്ടതാണ്. അവളോടൊപ്പം കാട്ടിലേക്ക് പോകുന്ന ആർക്കും വന്നവഴി കണ്ടെത്താൻ കഴിയുമായിരുന്നു. അവൾക്ക് അപരിചിതമായ ഒരു വനത്തിലൂടെ കിലോമീറ്ററുകളോളം അലഞ്ഞുനടക്കാൻ കഴിയും. ആമകളെ പിടികൂടി തുറന്നുവിടുന്നതിനു പുറമേ, ആമകളുടെ ചലനങ്ങൾ ട്രാക്ക് ചെയ്യുന്നതിനെക്കുറിച്ചുള്ള ഇന്ത്യൻ വനങ്ങളിലെ ആദ്യത്തെ പഠനങ്ങളും ഇവർ നടത്തി. 1983ൽ വിജയയുടെ പ്രവർത്തന ബജറ്റ് പ്രതിമാസം 900 രൂപയായിരുന്നു (ശമ്പളം ഉൾപ്പെടെ).
കേരളത്തിലെ ദൗത്യം
*********************
കടലാമകളുടെ സംരക്ഷണവും പഠനവും നടത്തുന്ന വേളയിൽ 1982ൽ റോമുലസ് വിതേക്കറുടെ നിർദേശ പ്രകാരം ചൂരലാമയെ കുറിച്ച് പഠിക്കാൻ വിജയ കേരളത്തിലെത്തുന്നത്. ഈ രംഗത്തേക്ക് ഇറങ്ങിയ വിജയക്ക് സമൂഹത്തിൽ നിന്നും കൈപ്പേറിയ അനുഭവങ്ങളാണ് ഉണ്ടായത്. കളിയാക്കലും ശകാരങ്ങളും വകവെയ്ക്കാതെ അവർ കേരളത്തിലെത്തി. ഇതിനായി അവർ ആൺകുട്ടികളെ പോലെ വസ്ത്രധാരണം ചെയ്തു. മുടി മുറിച്ചു. പാന്റ്സും ഷർട്ടുമാക്കി വേഷം. വന്ന സമയത്ത് കൂടുതൽ ആമയെ കുറിച്ചുള്ള വിവരങ്ങളൊന്നും വിജയയുടെ പക്കൽ ഉണ്ടായിരുന്നില്ല. ചാലക്കുടിയിൽ നിന്നും 30 കിലോമീറ്ററോളം സഞ്ചരിച്ച് കവല എന്ന സ്ഥലമുണ്ട് അവിടെ വച്ചാണ് ആമയെ 1912ൽ കണ്ടെത്തിയതെന്ന് മാത്രമാണ് വിജയ അറിഞ്ഞിരുന്നത്. അതിന് ശേഷം ഈ ആമ വർഗത്തിന് എന്ത് സംഭവിച്ചുവെന്ന് അജ്ഞാതമായിരുന്നു. ചാലക്കുടിയിലെത്തിയ വിജയ അവിടെയുള്ള ഗോത്രവിഭാഗങ്ങളോട് ആമയുടെ വിവിരങ്ങൾ ആരാഞ്ഞു. അവർ ആമയെ കണ്ടിട്ടുണ്ടെന്നും കണ്ടെത്താൻ സഹായിക്കാമെന്നും വിജയയോട് പറഞ്ഞു. തുടർന്ന് 1982 ജൂലൈ മാസത്തിൽ ചൂരലാമയെ കണ്ടെത്തുകയും ചെയ്തു. 70 വർഷത്തിന് ശേഷം ഇതിനെ വീണ്ടും കണ്ടെത്തുകയായിരുന്നു. പിന്നീട് വഴച്ചാലിലെ ആനപന്തിക്ക് സമീപത്ത് ആമകളെ കുറിച്ച് പഠിക്കാൻ സ്ഥലം കണ്ടെത്തി. ഇതിന് സമീപമുള്ള ആറിന് കുറുകെ കടന്ന് അവിടെയുള്ള ഒരു ഗുഹയിൽ ഒറ്റയ്ക്ക് താമസിച്ചായിരുന്നു വിജയ പഠനം നടത്തിയത്.
ഈസമയം സായി വിത്ടേക്കറും സുഹൃത്തും മദ്രാസ് ക്രോക്കഡൈൽ ബാങ്കിന്റെ സെക്യുരിറ്റി ജീവനക്കാരിയായിരുന്ന ബ്രണ്ട ഭാസ്ക്കർ എന്നിവർ 1984ൽ വിജയയെ തേടി അതിരപ്പള്ളിയിലെത്തി. വിജയ കണ്ടെത്തിയ കാര്യങ്ങളെല്ലാം എഴുതി സൂക്ഷിച്ചിരുന്നു. ആസമയത്തെ ഇവരുടെ ജീവിത രീതികണ്ട് ഇരുവരും അത്ഭുതപ്പെട്ടു. പഠിക്കുന്ന സമയത്ത് കൂറേയേറെ ആമകളെ കാണാൻ പറ്റി. ട്രാവൻകൂർ ആമയും, ചൂരലാമയെകുറിച്ചും ഗഹനമായി പഠനം അവർ നടത്തി. ഇന്നത്തെ ആധുനിക സാങ്കേതിക വിദ്യകളൊന്നും അന്ന് ലഭ്യമല്ലാതിരുന്നത് പഠനം ഏറെ ദുഷ്ക്കരമാക്കി. ചൂരലാമയെ പിടിച്ച് അതിന്റെ ദേഹത്ത് നൂല് കെട്ടിവിടുകയും അവയുടെ സഞ്ചാര പഥം, ഭക്ഷണ രീതി, പ്രജനനം തുടങ്ങിയവ നേരിൽ കണ്ട് മനസിലാക്കരി. 125 ലധികം ആമകളെ അവർ ടാഗ് ചെയ്ത് പഠിക്കാൻ കഴിഞ്ഞു. ഇതുവഴി കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ഇത് സസ്യഭുക്കായ ആമയായിരുന്നുവെന്നായിരുന്നു ആദ്യകാല ധാരണ. എന്നാൽ ഇവർ കൂണുകൾ, വണ്ടുകൾ, ഒച്ചുകൾ, തേരട്ട എന്നിവ കഴിക്കുന്നതായി കണ്ടെത്തി. പശ്ചിമഘട്ടത്തിന്റെ പലകാടുകളിലൂടെ സഞ്ചരിച്ച് ആമയുടെ സാന്നിധ്യം എവിടെയൊക്കെയാണെന്ന് സംഘം തിരിച്ചറിഞ്ഞു. പിന്നിട് ഇതുവരെയുള്ള പഠനം പ്രബന്ധങ്ങളായി വിജയ അവതരിപ്പിച്ചു. കേരളത്തിലെ ദൗത്യം വിജയകരമായി പൂർത്തികരിച്ച വിജയ പിന്നീട് കുറച്ചുനാൾ അമേരിക്കയിലായിരുന്നു. എഡ് വേഡ് മോളിന്റെ നിർദ്ദേശ പ്രകാരം എംഎസി പഠനത്തിനായി 1984ൽ വിജയ അമേരിക്കയിലേക്ക് പോയയത്. തന്റെ കീഴിൽ ഉന്നത പഠനവും പിഎച്ച്ഡിയും ചെയ്യാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചിക്കാഗോയിലുള്ള ഇലിനോസ് യുണിവേഴ്സിറ്റിയിലായിരുന്നു പഠനം.
മാനസീക പ്രശ്നങ്ങൾ മരണകാരണമായി
***************************************
അപ്രതീക്ഷിതമായി അവർക്ക് സംഭവിച്ച ചില മാനസീക പ്രയാസങ്ങൾ പഠനത്ത ബാധിച്ചു. വിജയയുടെ കുടുബത്തിലും ചിത്ത വിഭ്രാന്തിയുള്ളവരായിരുന്നു. പ്രത്യേകിച്ച് അമ്മയ്ക്ക്. അതിന്റെ പ്രവണത വിജയയിലും പ്രകടമായിരുന്നു. അത് കാരണം പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിഞ്ഞിരുന്നില്ല, ആസമയം, വിജയയുടെ സഹോദരിയുടെ നിർദേശ പ്രകാരം അമേരിക്കയിൽ നിന്നും അവർ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. കുറെയധികം ചികിത്സയൊക്കെ നടത്തിയെങ്കിലും വിജയ പഴയതുപോലെയായില്ല. അങ്ങനെ 1987ൽ വിജയയെ ഒരു ദിവസം കാണാതായി. പിന്നീട് മൂന്ന് മാസത്തിന് ശേഷം ചെന്നൈക്കടുത്തുള്ള ഗുണ്ടി നാഷണൽ പാർക്കിലെ കാട്ടിൽ കുറെ അസ്ഥിപഞ്ജരം ലഭിച്ചു. പിന്നീട് ഫോറൻസിക്ക് പരിശോധനയിൽ അത് വിജയയാണെന്ന് കണ്ടെത്തുകയായിരുന്നു. അവർ മരിക്കുമ്പോൾ പ്രായം 28. വിജയ മരിച്ച്കഴിഞ്ഞ ശേഷം ഏകദേശം 20 വർഷം കഴിഞ്ഞ് 2006 ൽ ചൂരലാമയെ കുറിച്ച് വീണ്ടും പഠനം നടത്തി. ഇതിന്റെ ജനിതക ഘടനവെച്ച് ഒരു കാര്യം മനസിലായി. മറ്റൊരു ജനുസിൽപ്പെട്ട ആമയാണെന്ന് പഠനത്തിൽ തെളിഞ്ഞു. ശാസ്ത്രീയമായി പറഞ്ഞാൽ അതൊരു മോണോടിപ്പിക്ക് ജനുസ് (ആ ജനുസിൽ വേറെ ആമകളൊന്നുമില്ല) എന്നതായിരുന്നു പ്രത്യേകത.
ആമയെ കുറിച്ച് പഠിക്കാൻ ജീവിതം ഒഴിഞ്ഞുവെച്ച വിജയയുടെ ബഹുമാന സുചകമായി പിന്നീട് ആമവിഭാഗത്തിന് വിജയ ചെലിസ് സിൽവാറ്റിക്ക എന്ന പേര് ശാസ്ത്ര സമൂഹം നൽകി. മദ്രാസ് ക്രോക്കഡൈൽ ബാങ്കിൽ ആമക്കുളത്തിന് അടുത്തായി അവർക്കായി ഒരു ചെറിയ സ്മാരകം ഉണ്ട്. ഒത്തിരി ആഗ്രഹങ്ങൾ ബാക്കിവച്ചാണ് ഇന്ത്യയുടെ ആദ്യ ഹെർപ്പറ്റോളജിസ്റ്റ് മടങ്ങിയത്. പരീക്ഷണങ്ങൾക്കും പരിപാലനത്തിനുമായി തന്റെ ജീവിതം കഴിച്ചുകൂട്ടിയ ക്രോക്കഡൈൽ ബാങ്കിന്റെ വികസനം തന്നെയായിരുന്നു. പരിസ്ഥിതി സംരക്ഷത്തിന് മുതൽക്കൂട്ടാകുന്ന പദ്ധതികൾ ആവിഷ്കരിക്കാനും അവർ ആഗ്രഹിച്ചു. 70കളുടെ അവസാനത്തോടെ മുൻനിര ഹെർപ്പറ്റോളജിസ്റ്റായി മാറാൻ വിജയക്ക് കഴിഞ്ഞത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. പമ്പിൻ കുഞ്ഞുങ്ങളും മുതലളും ആമകളുമെല്ലാം പരിചരിക്കുന്നതിനെല്ലാം വിജയയ്ക്ക് അവരുടെതായ ശൈലി ഉണ്ടായിരുന്നു. കാലം കടന്നു വിജയയുടെ ആഗ്രഹപ്രകാരം മദ്രാസ് ക്രോക്കഡൈൽ ബാങ്ക് ചെന്നയിലെ വലിയ ഉരഗങ്ങളെ സംരക്ഷിക്കുന്ന പാർക്കായി മാറി. കോവിഡിന് ശേഷമായിരുന്നു ഈ മാറ്റങ്ങളെല്ലാം. ഇന്ന് 15ഓളം മുതല വിഭാഗങ്ങളും 33ഓളം ഉരഗങ്ങളും പാർക്കിൽ സംരക്ഷിച്ച് പോരുന്നുണ്ട്.

