ഉരുൾ പൊട്ടൽ ദുരന്തം വിതച്ച കോഴിക്കോട് വിലങ്ങാട് മലയങ്ങാട് മലയിലെ കമ്പിളിപ്പാറ കരിങ്കൽ ക്വാറിയിൽ വീണ്ടും ഖനനം തുടങ്ങാൻ നീക്കമെന്ന് പരാതി. ഉരുൾപൊട്ടലിനെത്തുടര്‍ന്ന് ക്വാറിയിലടിഞ്ഞ കല്ലും മണ്ണും മറ്റും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തൊഴിലാളികള്‍ നീക്കം ചെയ്തു തുടങ്ങി. ക്വാറിയിലെ റോഡുകൾ പുനർനിർമിച്ച് വാഹനങ്ങളുൾപ്പെടെ എത്തിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
വിലങ്ങാട് ഉരുൾപൊട്ടലിനു പിന്നാലെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച വാണിമേൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മലയങ്ങാട് മലയിലാണ് കമ്പിളിപ്പാറ ക്വാറി. ക്വാറിയുടെ മുകളിലും സമീപത്തുമായി പലയിടത്തും ജൂലായ് മാസത്തിൽ ഉരുൾ പൊട്ടി. സമീപത്തെ വീടും തകർന്നു. റോഡും പാലവും തകർന്ന് ദിവസങ്ങളോളം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഈ പ്രദേശം. ഏക്കര്‍ കണക്കിന് സ്ഥലത്തെ കാര്‍ഷിക വിളകളും പാടെ നശിച്ചു.
ഇക്കഴിഞ്ഞ മാർച്ചിൽ ക്വാറിയുടെ ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് പ്രദേശത്തു നിന്നും വീടുകളൊഴിഞ്ഞു പോയവർ തിരികെയെത്തും മുമ്പ് അനധികൃതമായി ഖനനം തുടങ്ങാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇത് എന്ത് വിലകൊടുത്തും തടയുമെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. ആദിവാസി കുടുംബങ്ങളുൾപ്പെടെ താമസിക്കുന്ന നിരവധി വീടുകളാണ് ക്വാറിയുടെ താഴ്ഭാഗത്തുള്ളത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. അതേ സമയം ക്വാറി വൃത്തിയാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ക്വാറി അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ജൂലൈ 29ന് രാത്രിയാണ് വിലങ്ങാട് ഉരുൾപൊട്ടിയത്. ഒഴുകിപ്പോയ കുമ്പളച്ചോല ഗവ. എൽപി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ കുളത്തിങ്കൽ കെ എ മാത്യുവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. 14 വീടുകൾ പൂർണമായി ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ ഉൾപ്പടെ തകർന്നതിൽ 156 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.