Site iconSite icon Janayugom Online

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

bribebribe

കൈക്കൂലി വാങ്ങുന്നതിനിടെ മുളിയാര്‍ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാല്‍ സ്വദേശി ടി.രാഘവനാണ് അറസ്റ്റിലായത്. മുളിയാര്‍ സ്വദേശി അഷ്‌റഫിന്റെ പിതാവിന്റെ പേരിലുള്ള മുളിയാര്‍ വില്ലേജില്‍ പെട്ട അഞ്ചര സെന്റ് സ്ഥലത്തിന്റെ നികുതി അടയ്ക്കുന്നതിനായി ഈ വര്‍ഷം ഫെബ്രുവരിയില്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ സമീപിച്ചിരുന്നു. അന്നേദിവസം പരാതിക്കാരനോട് ഈ വസ്തുവിന്റെ നികുതി നാലുകൊല്ലം മുമ്പാണ് അടച്ചതെന്നും അതിനാല്‍ വസ്തുവിന്റെ അസല്‍ രേഖകളും 30 വര്‍ഷത്തെ ബാധ്യത സര്‍ട്ടിഫിക്കറ്റ്, സ്‌കെച്ച് എന്നിവയുമായി എത്തുവാനും വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. പിന്നീട് എല്ലാ രേഖകളുമായി പല പ്രാവശ്യം പരാതിക്കാരന്‍ വില്ലേജ് ഓഫീസില്‍ പോയിട്ടും നികുതി അടച്ചു നല്‍കിയില്ല. ഇക്കഴിഞ്ഞ 15നു വീണ്ടും വില്ലേജ് ഓഫീസിലെത്തിയപ്പോള്‍ അപേക്ഷ കാണാനില്ലെന്നും ഒരു അപേക്ഷ കൂടി എഴുതിത്തരണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് വീണ്ടും വില്ലേജ്
ഓഫീസിലെത്തിയ പരാതിക്കാരനോട് അപേക്ഷ മാത്രം പോരായെന്നും കൈക്കൂലിയായി 5000 രൂപ കൂടി
വേണമെന്നും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ രാഘവന്‍ അറിയിച്ചു. അത്രയും രൂപ നല്‍കാനില്ലെന്നും തുക കുറയ്ക്കണമെന്നും അപേക്ഷിച്ചതിനെ തുടര്‍ന്ന് രാഘവന്‍ തുക 2500 ആയി കുറച്ച് നല്‍കി. തുടര്‍ന്ന് പരാതിക്കാരനായ അഷറഫ് ഈ വിവരം കാസര്‍ഗോഡ് വിജിലന്‍സ് ഡിവൈഎസ്പി കെ.വി.
വേണുഗോപാലിനെ അറിയിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കെണി ഒരുക്കി ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെ വില്ലേജ് ഓഫീസിനടുത്ത് വച്ച് 2500 രൂപ കൈക്കൂലി വാങ്ങിയ രാഘവനെ വിജിലന്‍സ് കൈയ്യോടെ പിടികൂടുകയാണുണ്ടായത്. വിജിലന്‍സ് സംഘത്തില്‍ ഡിവൈഎസ്പിയെ കൂടാതെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ സിബി തോമസ,് സബ്ഇന്‍സ്‌പെക്ടറായ ഈശ്വരന്‍നമ്പൂതിരി, അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍മാരായ രാധാകൃഷ്ണന്‍, സതീശന്‍, മധുസൂദനന്‍, സുഭാഷ് ചന്ദ്രന്‍, പ്രിയ കെ.നായര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത് കുമാര്‍, രാജീവന്‍, കെ.വി.ജയന്‍, പ്രദീപന്‍, ബിജു, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും.

Eng­lish Sum­ma­ry: Vil­lage field assis­tant arrest­ed while accept­ing bribe

You may also like this video 

Exit mobile version