Site iconSite icon Janayugom Online

കേരളത്തിലെ വിമുക്തി മിഷൻ മികച്ച മാതൃക: ജസ്റ്റിസ് സൂര്യകാന്ത്

ലഹരിമുക്ത പ്രവർത്തനങ്ങളെ മുൻനിർത്തിയുള്ള വിമുക്തി മിഷൻ കേരളത്തിന്റെ മികച്ച മാതൃകയാണെന്ന് നാഷണൽ ലീഗൽ സർവീസസ് അതോറിട്ടി എക്സിക്യൂട്ടീവ് ചെയർമാനും സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. എക്സൈസ് വകുപ്പും നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയും കേരള ലീഗൽ സർവീസ് അതോറിട്ടിയുമായി ചേർന്ന് വിമുക്തിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘നശാ മുക്ത് ന്യായ അഭിയാൻ’ ലഹരിവിരുദ്ധ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോർ ഹാളില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളുകൾ ബോധവൽക്കരണ കേന്ദ്രങ്ങളാക്കി പ്രാദേശിക സ്ഥാപനങ്ങളുടെ സഹകരണവും ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സയും പുനരധിവാസവും ഉറപ്പാക്കി നിയമപരിരക്ഷയും നൽകിയാണ് കേരളം സംരക്ഷണ മാതൃക ഒരുക്കുന്നത്. ജനകീയ ചെറുത്തുനിൽപ്പിലൂടെ ലഹരി വിപത്തുകൾക്കെതിരെ പ്രതിരോധം തീർത്താൽ മയക്കുമരുന്ന് രഹിത ഇന്ത്യ എന്നത് സ്വപ്നത്തിലൊതുങ്ങാതെ സാധ്യമാക്കാനാകും. സമൂഹത്തിന്റെ അടിത്തട്ടുമുതൽ വിദ്യാർത്ഥികൾ, യുവജനങ്ങൾ, ഉദ്യോഗസ്ഥർ, നിയമപാലകർ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങളേയും കോർത്തിണക്കി ജാഗ്രതയോടെയുള്ള സമീപനമാണ് ലഹരിക്കെതിരെ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിക്രംനാഥ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, കേരള ലീഗൽ സർവീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, കോമൺവെൽത്ത് ലീഗൽ എജ്യുക്കേഷൻ അസോസിയേഷൻ പ്രസിഡന്റ് ഡോ. എസ് ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും: മന്ത്രി എം ബി രാജേഷ്
മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിലും ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വിദ്യാർത്ഥികളേയും യുവജനങ്ങളേയും പങ്കാളികളാക്കി ഗ്രാമതലങ്ങളിൽ വരെ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളേയും വിദഗ്ധരേയും സാമൂഹിക സംഘടനകളേയും ജനകീയ സമിതികളേയും ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം ശക്തമായ പ്രവർത്തനങ്ങളാണ് ലഹരിക്കെതിരെ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ലഹരി സംബന്ധമായി രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനമാണ് കേരളം. മയക്കുമരുന്നിനെതിരെ കർശനമായ നടപടികളാണ് ഇതുവരെ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version