അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് ശ്രീലങ്കൻ സമുദ്രാതിർത്തിയിലേക്ക് പ്രവേശിച്ച രണ്ട് മത്സ്യബന്ധന ബോട്ടുകളെയും 14 തമിഴ്നാട് മൽസ്യത്തൊഴിലാളികളെയും ശ്രീലങ്കൻ നാവികസേന പിടികൂടി. ബുധനാഴ്ച രാവിലെയാണ് രാമേശ്വരം മത്സ്യബന്ധന തുറമുഖത്ത് നിന്നും പുറപ്പെട്ട മത്സ്യത്തൊഴിലാളികൾ തലൈമന്നാറിനും ധനുഷ്കോടിയ്ക്കും ഇടയിൽ നങ്കൂരമിടുന്നതിനിടെ ശ്രീലങ്കൻ നാവികസേന ബോട്ടുകൾ വളഞ്ഞ് 14 പേരെ പിടികൂടിയത്.
രാമേശ്വരം സ്വദേശികളായ മൈക്കിൾരാജ്, നിജോ എന്നിവരുടെ ബോട്ടുകളാണ് നാവികസേന പിടിച്ചെടുത്തത്. മത്സ്യത്തൊഴിലാളികളെ തലൈമന്നാറിലെ ശ്രീലങ്കൻ നേവി ക്യാമ്പിലേക്ക് കൊണ്ടുപോയി. അന്വേഷണത്തിന് ശേഷം മത്സ്യത്തൊഴിലാളികളെ മാന്നാർ ഫിഷറീസ് വകുപ്പ് അധികൃതർക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ശ്രീലങ്കൻ നാവികസേനയും തമ്മിലുള്ള സംഘർഷാവസ്ഥയുടെ ഭാഗമായാണ് സംഭവം. നേരത്തെ, ശ്രീലങ്കൻ നാവികസേനയുടെ വർധിച്ചുവരുന്ന നടപടികളിൽ പ്രതിഷേധിച്ച് മൽസ്യത്തൊഴിലാളികൾ രാമേശ്വരത്ത് ഒരു മാസത്തോളം പണിമുടക്കിയിരുന്നു. ഇതിനിടെ, ശ്രീലങ്കൻ അധികൃതരുടെ അറസ്റ്റ് വർധിക്കുന്നത് പരിഹരിക്കാൻ അടിയന്തര നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടുത്തിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ ബന്ധപ്പെട്ടിരുന്നു.