Site icon Janayugom Online

പെരുമാറ്റച്ചട്ട ലംഘനം: ബിജെപിയുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ നീക്കി

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ബിജെപി നീക്കത്തിന് വീണ്ടും തിരിച്ചടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മൂന്ന് പോസ്റ്റുകള്‍ ബിജെപി ഛത്തീസ്ഗഢ് ഘടകം പിന്‍വലിച്ചു.
ഇത് സംബന്ധിച്ച നിര്‍ദേശം പാര്‍ട്ടിക്കും ഇന്‍സ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റയ്ക്കും നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. ഇനി ഇത്തരം പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കരുതെന്ന ശക്തമായ മുന്നറിയിപ്പ് ബിജെപി നേതൃത്വത്തിന് നല്‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റീന കാങ്ഗലേ പറഞ്ഞു. 

മേയ് 15നാണ് വിദ്വേഷം പടര്‍ത്തുന്ന അനിമേഷന്‍ വീഡിയോ ഇന്‍സ്റ്റഗ്രാമിലിട്ടത്. നിസ്കാര തൊപ്പിയും പച്ച വസ്ത്രവും ധരിച്ചൊരാള്‍ ഒരു സ്ത്രീയുടെ പഴ്സ് മോഷ്ടിക്കുകയും ആ സ്ത്രീ നിലവിളിക്കുകയും ചെയ്യുന്നു. പെട്ടെന്ന് രാഹുല്‍ ഗാന്ധി ഓടിവന്ന് താഴെ വീണ് കിടക്കുന്ന പഴ് സ് എടുത്ത് മോഷ്ടാവിന് നല്‍കുന്നു. ഇതാണ് വീഡിയോയില്‍ കാണുന്നത്. രണ്ടാമത്തെ വീഡിയോയില്‍ രാഹുല്‍ ഒരു സ്ത്രീയുടെ താലിമാല പൊട്ടിച്ചെടുക്കുകയും അത് ആദ്യത്തെ വീഡിയോയിലുള്ള അതേ ആളിന് കൈമാറുകയും ചെയ്യുന്നത് കാണാം.

നേരത്തെ വിദ്വേഷകരമായ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ കര്‍ണാടക ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ, സമൂഹമാധ്യമ മേധാവി അമിത് മാളവ്യ, സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര എന്നിവര്‍ക്കെതിരെ കര്‍ണാടക പൊലീസ് കേസും എടുത്തിരുന്നു. ആ വീഡിയോ ഛത്തീസ്ഗഢ് ഘടകം മേയ് 23ന് പോസ്റ്റ് ചെയ്യുകയായിരുന്നു. 

Eng­lish Summary:Violation of code of con­duct: BJP’s social media posts removed
You may also like this video

Exit mobile version