Site icon Janayugom Online

ബംഗാളില്‍ ഗവര്‍ണറുടെ അധികാര ലംഘനം

ബംഗാളില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള യുദ്ധം മുറുകുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന സംഭവത്തിൽ തൃണമൂൽ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖിനെ അറസ്റ്റ്‌ ചെയ്യണമെന്ന വിചിത്ര നിർദേശവുമായി ഗവർണർ സി വി ആനന്ദബോസ് രംഗത്തെത്തി. കഴിഞ്ഞദിവസം ചീഫ്‌ സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും വിളിച്ചുവരുത്തി ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ സംസ്ഥാന ഭരണത്തില്‍ ഗവര്‍ണര്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്.

ഷാജഹാന്‍ ഷെയ്‌ഖിന് രാഷ്‌ട്രീയക്കാരുടെ പിന്തുണയും ചില പൊലീസുകാരുടെ ഒത്താശയുമുള്ളതായി രാജ്‌ഭവനിലെ പീസ് റൂമില്‍ പരാതി ലഭിച്ചതായി ഗവര്‍ണര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനെ ഉടന്‍ അറസ്റ്റ് ചെയ്യാനും അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാന പൊലീസ് മേധാവിയോട് നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബംഗാള്‍ രാജ്ഭവനില്‍ പീസ് റൂം സജ്ജമാക്കിയത്. ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം. മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലുള്ള സമാന്തര സംവിധാനങ്ങള്‍ രാജ്ഭവനുകളില്‍ പ്രവര്‍ത്തിക്കുന്നില്ല.

ഷാജഹാന്‍ ഷെയ്‌ഖിന്റെ ഭീകരബന്ധം അന്വേഷിക്കണമെന്നാണ് ലഭിച്ച പരാതിയെന്ന് ബംഗാള്‍ രാജ്‌ഭവന്‍ പ്രസ്‌താവനയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഷാജഹാന്‍ ഷെയ്‌ഖിന്റെ വീട്ടില്‍ പരിശോധനയ്ക്കായി എത്തിയ ഇഡി സംഘത്തെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിലായിരുന്നു സംഭവം. കോടികളുടെ റേഷൻ വിതരണ കുംഭകോണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അറസ്റ്റിലായ മന്ത്രി ജ്യോതിപ്രിയോ മല്ലിക്കിന്റെ അടുത്ത അനുയായി ആണ് ഷെയ്ഖ്. ഇയാള്‍ക്കെതിരെ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Vio­la­tion of Gov­er­nor’s pow­ers in Bengal
You may also like this video

Exit mobile version