Site iconSite icon Janayugom Online

മണിപ്പൂരില്‍ വീണ്ടും അക്രമം: ജനക്കൂട്ടത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടുമരണം

manipurmanipur

മണിപ്പൂരിലെ ചുരാചന്ദ്പൂരിലെ പൊലീസ് സൂപ്രണ്ടിന്റെയും കലക്ടറുടെയും ഓഫിസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിലേക്ക്ക്ക് അതിക്രമിച്ച് കയറിയ ജനക്കൂട്ടത്തിന് നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആയുധധാരികളായ അക്രമികളോടൊപ്പമുള്ള സെൽഫി വൈറലായതിനെത്തുടർന്ന് ഹെഡ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

സംഭവത്തിൽ മരിച്ചവരുടെ എണ്ണം ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

ചുരാചന്ദ്പൂർ പോലീസ് കൺട്രോൾ റൂം റിപ്പോർട്ട് അനുസരിച്ച്, ചുരാചന്ദ്പൂർ ജില്ലാ പോലീസിലെ ഒരു ഹെഡ് കോൺസ്റ്റബിളായ സിയാം ലാൽ പോളിനെ സസ്‌പെൻഡ് ചെയ്തതിനെതിരെ 1,000 ഓളം പ്രദേശവാസികൾ ചുരാചന്ദ്പൂരിലെ എസ്പി വസതിയിൽ (മിനി സെക്രട്ടേറിയറ്റ്) തടിച്ചുകൂടി.

ചുരാചന്ദ്പൂർ ജില്ലാ മിനി സെക്രട്ടേറിയറ്റ് പരിസരങ്ങളിലെ വസ്തുവകകൾ നശിപ്പിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

അക്രമത്തിൽ മരിച്ചവർ ചുരാചന്ദ്പൂർ ജില്ലയിലെ ഹെങ്‌ലെപ്പിലെ നലോണിലെ ഖംഖോമാങ് ഗാങ്‌ടെയുടെ മകൻ ലെത്‌ലാൽഖുവോൽ ഗാംഗ്‌തെ, ചുരാചന്ദ്പൂർ ജില്ലയിലെ തുബോങ്ങിലെ എസ് കാനൻ വെംഗിലെ സെയ്‌ലാൽ ഹാക്കിപ്പിന്റെ മകൻ തങ്‌ഗുൻലിയൻ ഹയോകിപ് എന്നിവരെ തിരിച്ചറിഞ്ഞു.

ചുരാചന്ദ്പൂർ ജില്ലയിലെ തുബോംഗിൽ സ്ഥിതി ചെയ്യുന്ന മിനി സെക്രട്ടേറിയറ്റ് എന്നറിയപ്പെടുന്ന കോമ്പൗണ്ടിന് സമീപം പാർക്ക് ചെയ്തിരുന്ന സുരക്ഷാ സേനയുടെ ചില വാഹനങ്ങൾക്കൊപ്പം ഡെപ്യൂട്ടി കമ്മീഷണറുടെ വസതിയുടെ ഒരു ഭാഗവും കത്തിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അക്രമത്തെത്തുടർന്ന്, പ്രതിരോധ, സംരക്ഷണ നടപടികളുടെ ഭാഗമായി ജില്ലയിൽ അഞ്ച് ദിവസത്തേക്ക് ഇൻ്റർനെറ്റ് നിരോധിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു.

Eng­lish Sum­ma­ry: Vio­lence again in Manipur: Two killed in police fir­ing on crowd

You may also like this video

Exit mobile version