Site iconSite icon Janayugom Online

ബംഗാളികള്‍ക്കെതിരെ അതിക്രമം: സിപിഐ പ്രതിഷേധം 11 ന്

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി ഭാഷ സംസാരിക്കുന്നവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഓഗസ്റ്റ് 11 ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഐ ദേശീയ എക്സിക്യൂട്ടീവ് തീരുമാനിച്ചു. ബംഗ്ലാദേശികളെ ഇന്ത്യയിൽ നിന്ന് പുറത്താക്കുക എന്ന വ്യാജേന, ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും ബംഗാളി ഭാഷ സംസാരിക്കുന്ന ജനങ്ങളെ മനഃപൂർവം ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നയമാണ് പിന്തുടരുന്നത്. 

ബംഗാളി ഭാഷയെ ബംഗ്ലാദേശി ഭാഷയായി വ്യാഖ്യാനിക്കുന്ന സമീപനമാണ് കഴിഞ്ഞ ദിവസം ഡൽഹി പൊലീസിൽ നിന്നുണ്ടായത്. ഹരിയാന, ഒഡിഷ, മഹാരാഷ്ട്ര തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ബംഗാളി ഭാഷ സംസാരിക്കുന്നവരെ പീഡിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. ബംഗാളി ഭാഷക്കാർക്കെതിരെയുള്ള ബിജെപിയുടെ ബോധപൂർവമായ നടപടിയാണിത്. എല്ലാ ഇന്ത്യക്കാരും അഭിമാനംകൊള്ളുകയും സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ളതുമായ ഭാഷയാണ് ബംഗാളി. ഭാഷാടിസ്ഥാനത്തിലുളള പീഡനം ഉടൻ അവസാനിപ്പിക്കണമെന്നും ബംഗാളി സംസാരിക്കുന്ന ഇന്ത്യക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ദേശീയ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. 

Exit mobile version