Site iconSite icon Janayugom Online

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി; ഈ വര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്തത് 7698 പരാതികള്‍

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഗാര്‍ഹിക പീഡനം, അതിക്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 7698 പരാതികളാണ് ഈ വര്‍ഷം ഇതുവരെ ദേശീയ വനിതാ കമ്മിഷനില്‍ ലഭിച്ചത്. ഗാര്‍ഹിക പീഡന പരാതികളാണ് ഇതില്‍ കൂടുതലും. 1594 പരാതികളാണ് (20 ശതമാനം) ഇത്തരത്തില്‍ ലഭിച്ചത്. ജനുവരിയില്‍ 367 കേസുകളും ഫെബ്രുവരി 390, മാര്‍ച്ച് 513, ഏപ്രില്‍ 322, മേയില്‍ രണ്ട് കേസുകള്‍ വീതമാണ് ഗാര്‍ഹിക പീ‍‍ഡനപരാതികള്‍ നല്‍കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് മൂന്നുമാസത്തിനിടെ 989 പരാതികളാണ് ദേശീയ വനിതാ കമ്മിഷനില്‍ ലഭിച്ചത്. ജനുവരി (268), ഫെബ്രുവരി (288), ഏപ്രില്‍ (170), മേയ് (മൂന്ന്) പരാതികളാണ് ഭീഷണിക്കെതിരെ ലഭിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ 950 പരാതികളാണ് ലഭിച്ചിരിക്കുന്നത്. ജനുവരി 249, ഫെബ്രുവരി (239), മാര്‍ച്ച് (278), ഏപ്രില്‍ (183), മേയില്‍ ഒരു പരാതിയുമാണ് ലഭിച്ചത്. 

സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള അതിക്രമങ്ങള്‍ക്കെതിരെ 916, പീഡനം, പീഡനശ്രമം എന്നിവയ്ക്കെതിരെ 394, സ്ത്രീകളെ അപമാനിക്കുകയോ അവരുടെ മാന്യതയെ അപമാനിക്കുകയോ ചെയ്ത സംഭവത്തില്‍ 310 പരാതികളുമാണ് ദേശീയ വനിതാ കമ്മിഷന് മുമ്പാകെ നല്‍കിയത്. ലൈംഗികാതിക്രമത്തില്‍ 302, സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങളില്‍ 110 പരാതികളും ലഭിച്ചു. ദ്വിഭാര്യത്വം, ജോലിസ്ഥലത്തെ ലൈംഗിതാതിക്രമണം, കളിയാക്കല്‍ തുടങ്ങിയ പരാതികളും നല്‍കിയിട്ടുണ്ട്.

ദേശീയതലത്തില്‍ ലഭിച്ച പരാതികളില്‍ പകുതിയും ഉത്തര്‍പ്രദേശില്‍ നിന്നാണ് ലഭിച്ചത്. 3921 പരാതികളാണ് ഇവിടെനിന്ന് ലഭിച്ചത്. ഡല്‍ഹി 688, മഹാരാഷ്ട്ര 473, മധ്യപ്രദേശ് 351, ബിഹാര്‍ 342, ഹരിയാന 306 കേസുകളും രജിസ്റ്റര്‍ ചെയ്തു. 881 പരാതികള്‍ ഇതുവരെ കാറ്റഗറി തിരിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം മാത്രം ദേശീയ വനിതാ കമ്മിഷന് 25,743 പരാതികളാണ് ലഭിച്ചത്. 

Exit mobile version